പേയാട് : പേയാട് സെന്റ് സേവ്യേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഹൈസ്‌ക്കൂള്‍വിഭാഗം പ്ലാറ്റിനം ജൂബിലി, ഹയര്‍സെക്കന്‍ഡറി വിഭാഗം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 20-മുതല്‍ 24-വരെ നടക്കും. സമ്മേളനം മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട മണ്ഡലത്തിലെ ഏറ്റവും മികച്ച സ്‌കൂളാണു പേയാട് സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളെന്ന് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര രൂപത അധ്യക്ഷന്‍ റൈറ്റ്. റവ.ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷനായി. ലോക്കല്‍ മാനേജര്‍ റവ.ഡോ.ജസ്റ്റിന്‍ ഡൊമിനിക്ക് അനുഗ്രഹ പ്രഭാഷണം നടത്തി. ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ആര്‍.എസ്.റോയ്, പി.റ്റി.എ. പ്രസിഡന്റ് സുനില്‍ കെ., വാര്‍ഡ് അംഗം ഫ്‌ളോറന്‍സ് സരോജം, പ്രിന്‍സിപ്പല്‍ സുധ എസ്. പ്രഥമാധ്യാപിക മിനി ജി.ആര്‍ എന്നിവര്‍ സംസാരിച്ചു.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സപോയില്‍ പ്രദര്‍ശനങ്ങള്‍, പൂര്‍വ്വഅധ്യാപക വിദ്യാര്‍ത്ഥി സംഗമം, കവിയരങ്ങ്, മാഷിക് ഷോ, വാട്ടര്‍ഷോ, പെറ്റ്‌ഷോ, ഫ്‌ളവര്‍ ഷോ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട് തുടങ്ങിയവ സംഘടിപ്പിക്കും. 24ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കലാ, സാഹിത്യ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.



