തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ആദ്യ അലോട്ട്മെൻറ് പ്രകാരം പ്രവേശനം നേടിയത് 2,21,269 പേർ. ഇതിൽ 1,21,743 പേർ സ്ഥിരംപ്രവേശനവും 99,526 പേർ താൽക്കാലിക പ്രവേശനവും നേടി. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്ട്മെൻറ് നേടിയവരോ ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കി ലഭിച്ച ഓപ്ഷനിൽ തന്നെ സീറ്റ് ഉറപ്പാക്കിയവരോ ആണ് സ്ഥിരംപ്രവേശനം നേടിയവർ.ഉയർന്ന ഓപ്ഷൻ അവശേഷിക്കുന്നവരാണ് അലോട്ട്മെൻറ് ലഭിച്ച ഓപ്ഷനിൽ താൽക്കാലിക പ്രവേശനം നേടിയത്. ഇവർക്ക് രണ്ടും മൂന്നും അലോട്ട്മെൻറുകളിൽ ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാനാകും. അലോട്ട്മെൻറ് ലഭിച്ചിട്ടും 27,077 പേർ പ്രവേശനം നേടിയില്ല. തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെൻറ് നേടിയവർ ഉൾപ്പെടെ 1152 പേർക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. 2,49,540 പേർക്കായിരുന്നു ആദ്യഘട്ടത്തിൽ അലോട്ട്മെൻറ് നൽകിയിരുന്നത്. സ്പോർട്സ് േക്വാട്ടയിൽ 6121 പേർക്ക് അലോട്ട്മെൻറ് നൽകിയതിൽ 2649 പേർ സ്ഥിരംപ്രവേശനവും 2021 പേർ താൽക്കാലിക പ്രവേശനവും നേടി. 1431 പേർ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. 1431 പേർക്ക് പ്രവേശനം നിരസിച്ചു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 1314 പേരെ അലോട്ട്ചെയ്തതിൽ 914 പേർ സ്ഥിരം പ്രവേശനവും 108 പേർ താൽക്കാലിക പ്രവേശനവും നേടി. രണ്ടാം അലോട്ട്മെൻറ് ജൂൺ ആറിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാത്ത സീറ്റുകൾ, നിരസിക്കപ്പെട്ട സീറ്റുകൾ, ഒന്നാംഘട്ടത്തിൽ അലോട്ട്മെൻറ് നടത്താത്ത സീറ്റുകൾ എന്നിവ ചേർത്തായിരിക്കും രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുക. ഒന്നാം അലോട്ട്മെൻറിൽ ബാക്കിയുള്ള സംവരണ സീറ്റുകൾ രണ്ടാം അലോട്ട്മെൻറിലും അതേ കാറ്റഗറിയിൽ തുടരുകയും തുടർന്നും ബാക്കിയുള്ള സീറ്റുകൾ മൂന്നാം അലോട്ട്മെൻറിൽ മെറിറ്റിലേക്ക് മാറ്റി അലോട്ട്മെൻറ് നടത്തുകയും ചെയ്യും.



