ചെങ്ങമനാട്: അങ്കമാലി ബ്ലോക് പഞ്ചായത്തിലെ പട്ടികജാതി വനിതകൾക്ക് നൈപുണ്യ വികസനത്തിലൂടെ തൊഴിൽ ഉറപ്പാക്കൽ പദ്ധതിയുടെ യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ആൻ്റു അദ്ധ്യക്ഷതവഹിച്ചു.
2024-25 സാമ്പത്തിക വർഷത്തിൽ ദാരിദ്ര നിർമ്മാർജ്ജനത്തിലൂടെ സുസ്ഥിരവികസനം ലക്ഷ്യമാക്കി 25 ലക്ഷം രൂപയാണ് പട്ടികജാതി വനിതകൾക്ക് തൊഴിൽദാന പദ്ധതിക്കായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നീക്കി വച്ചിരിക്കുന്നത്. 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള എസ്.സി. വനിതകൾക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റൻഡ് കോഴ്സ് പഠിപ്പിച്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിൽ തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
അങ്കമാലിയിലെ ഇറാം സ്കിൽസ് അക്കാദമിയിലാണ്പരിശീലനം. 2 ബാച്ചുകളിലായി 62 കുട്ടികൾക്കാണ് ഈ പദ്ധതി പ്രകാരം പ്രവേശനം ലഭിക്കുന്നത്. 6 മാസം നീളുന്ന ഈ കോഴ്സിൽ 2 മാസം തിയറി ക്ലാസ്സുകളും തുടർന്ന് 4 മാസം പ്രമുഖ ആശുപത്രികളിൽ പരിശീലനവുമാണ് നൽകുന്നത്. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് പ്രമുഖ സ്വകാര്യ ആശുപത്രികളിൽ 15000-18000 രൂപ മാസശബളത്തിൽ ജോലിയും ഉറപ്പാക്കിയാണ് ഈ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, അയ്യമ്പുഴ, മലയാറ്റൂർ – നീലീശ്വരം, കാലടി, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന പ്ലസ്ടു യോഗ്യതയുള്ള വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുവാൻ ഇതിലൂടെ സാധിക്കും.
ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ, ലൈഫ് മിഷൻ ജില്ല കോ – ഓഡിനേറ്റർ ഏണസ്റ്റ് .സി.തോമസ്, ബി.ഡി.ഒ. അഭിലാഷ് എം.ആർ, പട്ടികജാതി വികസന ഓഫീസർ സി.എൻ. വാസുദേവൻ,
വ്യവസായ വികസന ഓഫീസർ ജോബി, ടി. വൈ. ഇറാം സ്കിൽസ് അക്കാദമി ജനറൽ മാനേജർ ഓസ്റ്റിൻ വാളൂർ, ഓപ്പറേഷൻസ് മാനേജർ വിജി ചാണ്ടി, ഡാനിഷ അജോൺസ് എന്നിവർ സംസാരിച്ചു.



