പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ജൂലൈ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. നാല് വിഭാഗങ്ങളിലായി പരീക്ഷാഭവനാണ് ടെസ്റ്റ് നടത്തുന്നത്. കാറ്റഗറി-1 (ലോവർ പ്രൈമറി അധ്യാപകരാകാനുള്ള പരീക്ഷ), ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ. കാറ്റഗറി -2 (അപ്പർ പ്രൈമറി അധ്യാപകരാകാനുള്ള പരീക്ഷ), ആഗസ്റ്റ് 23 രണ്ടു മുതൽ 4.30 വരെ. കാറ്റഗറി-3 (ഹൈസ്കൂൾ അസിസ്റ്റന്റാകാനുള്ള പരീക്ഷ), ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരെ. കാറ്റഗറി-4 (യു.പി തലം വരെയുള്ള അറബി/ഹിന്ദി/സംസ്കൃതം/ഉർദു സ്പെഷലിസ്റ്റ് അധ്യാപകർ/കായിക അധ്യാപകർ (ഹൈസ്കൂൾ തലം വരെ), ആർട്ട്, ക്രാഫ്റ്റ് അധ്യാപകരാകാനുള്ള പരീക്ഷ ആഗസ്റ്റ് 24 രണ്ടു മുതൽ 4.30 വരെ. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കെ-ടെറ്റ് പരീക്ഷയിൽ ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്കില്ല. പരീക്ഷ പദ്ധതി, ഘടന, പരീക്ഷയിൽ പങ്കെടുക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിവരങ്ങൾ https://ktet.kerala.gov.inൽ ലഭിക്കും. പരീക്ഷയെഴുതുന്നതിന് പ്രായപരിധിയില്ല. സി-ടെറ്റ് പ്രൈമറി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി ഒന്നിൽനിന്നും സി-ടെറ്റ് എലിമെന്ററി സ്റ്റേജ് പാസായവരെ കെ-ടെറ്റ് രണ്ടിൽനിന്നും ഒഴിവാക്കും. നെറ്റ്, എം.ഫിൽ, പിഎച്ച്.ഡി, എം.എഡ് യോഗ്യതകൾ നേടിയവർക്ക് കെ-ടെറ്റ് ഒന്നുമുതൽ നാലുവരെ കാറ്റഗറി പരീക്ഷകളിൽ യോഗ്യത നേടണമെന്നില്ല. കെ-ടെറ്റ് കാറ്റഗറി 3 വിജയിച്ചവരെ കാറ്റഗറി 2 പരീക്ഷയിൽനിന്ന് ഒഴിവാക്കും. കെ-ടെറ്റ് കാറ്റഗറി 1, 2 എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കും. കാറ്റഗറി 3ൽ വിജയിച്ച ഭാഷാ അധ്യാപകർ കാറ്റഗറി-4 പരീക്ഷയെഴുതേണ്ടതില്ല. പരീക്ഷാഫീസ്: ഓരോ കാറ്റഗറി പരീക്ഷക്കും 500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/കാഴ്ച പരിമിത വിഭാഗങ്ങളിൽ പെടുന്നവർക്ക് 250 രൂപ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.