പുൽപള്ളി: പ്രായം തളർത്താത്ത മനസ്സുമായി കൃഷിപ്പണിയിൽ സജീവമായിരുന്ന പുൽപള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മേരിയും യാത്രയായി. പതിറ്റാണ്ടുകളോളം ഒപ്പമുണ്ടായിരുന്ന പ്രിയതമന് മാത്യു മരണപ്പെട്ടപ്പോഴും മണ്ണിനെ പ്രണയിച്ച് കൃഷിയിടത്തില്‍തന്നെ സജീവമായിരുന്നു മേരിയും. ബുധനാഴ്ചയാണ് മേരി മരണപ്പെട്ടത്. വാർധക്യസഹജമായ രോഗങ്ങളെ അതിജീവിച്ചുകൊണ്ടായിരുന്നു ഇരുവരും കൃഷിയിടത്തില്‍ സജീവമായത്.
രാഹുല്‍ഗാന്ധി എം.പി വിഡിയോ സഹിതം ട്വീറ്റ് ചെയ്തതോടെയാണ് ഇവർ ദേശീയശ്രദ്ധയിലേക്ക് വന്നത്. രാഹുല്‍ ഗാന്ധി 2021ല്‍ പുറത്തിറക്കിയ കലണ്ടറിലും മാത്യുവിനെയും മേരിയെയും ഉള്‍പ്പെടുത്തിയിരുന്നു. സുരഭിക്കവലയിലെ നിരപ്പുതൊട്ടിയില്‍ വീടിന് മുന്‍വശത്ത്, കാബേജും തക്കാളിയും പച്ചമുളകും കപ്പയും ഇഞ്ചിയുമെല്ലാം മേരി നട്ടുപരിപാലിച്ചു. 1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍നിന്ന് മാത്യുവും മേരിയും വയനാട്ടിലെ കുടിയേറ്റ മേഖലയായ പുൽപള്ളിയിലെത്തുന്നത്. മേരി മാത്യുവിന്റെ നിര്യാണത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. ‘പ്രാർഥനകളും ചിന്തകളും നിങ്ങൾക്കൊപ്പമുണ്ടാകുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും’ മകൻ ബെന്നി മാത്യുവിന് അയച്ച അനുശോചനസന്ദേശത്തിൽ രാഹുൽ കുറിച്ചു.