Tuesday, February 10, 2026
No menu items!
Homeവാർത്തകൾപ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശം; സാധാരണ അവധികളുമായി കൂട്ടിച്ചേർത്ത് പഠനകാലയളവ് റദ്ദാക്കാൻ പാടില്ല കേരള ഹൈക്കോടതി

പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശം; സാധാരണ അവധികളുമായി കൂട്ടിച്ചേർത്ത് പഠനകാലയളവ് റദ്ദാക്കാൻ പാടില്ല കേരള ഹൈക്കോടതി

കൊച്ചി: പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും അത് മറ്റ് സാധാരണ അവധികളുമായി കൂട്ടിച്ചേർത്ത് പഠനകാലയളവ് റദ്ദാക്കാൻ കാരണമാക്കരുതെന്നും കേരള ഹൈക്കോടതി. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ട്രെയിനിയായ ഡോ. സൂസൻ കെ. ജോൺ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിയമങ്ങൾ യാന്ത്രികമായി പ്രയോഗിക്കാനുള്ളതല്ലെന്നും മാനുഷികമായ പരിഗണനകൾ അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.

എം.ബി.ബി.എസും എം.ഡിയും പൂർത്തിയാക്കിയ ശേഷം 2022-ൽ നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി പരിശീലനത്തിന് ചേർന്നതായിരുന്നു ഹർജിക്കാരി. 2023-ൽ പ്രസവാവശ്യാർത്ഥം 184 ദിവസത്തെ അവധിയെടുത്തു. എന്നാൽ തുടർന്ന് രക്താർബുദം ബാധിച്ചതോടെ 2025 വരെ മെഡിക്കൽ ലീവ് എടുക്കേണ്ടി വന്നു. ഇതോടെ ആകെ അവധി 402 ദിവസമായി. ഒരു വർഷത്തിലധികം അവധി എടുത്തു എന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ ബോർഡ് ഡോക്ടറുടെ പരിശീലന കാലാവധി റദ്ദാക്കുകയായിരുന്നു.
പ്രസവാവധി എന്നത് അധികൃതർ നൽകുന്ന ഒരു ഔദാര്യമല്ല, മറിച്ച് അത് സ്ത്രീയുടെ ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഗുരുതരമായ അസുഖം ബാധിച്ചത് ഹർജിക്കാരിയുടെ കുറ്റമല്ല. ഇത്തരം പ്രത്യേക സാഹചര്യങ്ങളെ യുക്തിസഹമായി വേണം അധികൃതർ സമീപിക്കാൻ. അവധി ഒരു വർഷം കവിഞ്ഞു എന്ന സാങ്കേതികത്വം പറഞ്ഞ് ഒരു ഡോക്ടറുടെ പഠനം മുടക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിയുടെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം അനുകൂലമായ തീരുമാനമെടുക്കാനും പരിശീലനം തുടരാൻ അനുവദിക്കാനും എൻ.ബി.ഇ.എം.എസിന് ഹൈക്കോടതി നിർദ്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments