തിരുവനന്തപുരം: പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കാൻ ഒരുവർഷം നീളുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ലോക പ്രമേഹദിനമായ നവംബർ 14ന് തുടങ്ങി ഒരു വർഷംവരെ നീളുന്നതാണ് പദ്ധതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണം ഇതിലുണ്ടാകും. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രീയവും നൂതനവുമായ ചികിത്സാ വിധികളുടെ പരിശീലനവും ലക്ഷ്യമിടുന്നു. പ്രമേഹരോഗികളിലെ വൃക്കരോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറൽ ന്യൂറോപ്പതി തുടങ്ങിയ സങ്കീർണതകൾ കൂടി കണ്ടെത്തി ചികിത്സയും പരിശീലനവും സാങ്കേതികസഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജനുവരിയിൽ അന്താരാഷ്ട്ര സെമിനാർ നടത്തും. സെമിനാറിനു ശേഷം തയാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടാകും ചികിത്സ ശാക്തീകരണ നടപടി. ‘തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനും ഒരുമിക്കാം’ എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം.