പ്രമേഹ രോഗം നിയന്ത്രിക്കാനും ബാധിക്കാതിരിക്കാനും അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും പ്രധാനമെന്ന് അമേരിക്കയിലെ മയോക്ലിനിക്കിലെ ഗവേഷകനും പ്രശസ്ത എന്‍ഡോക്രൈനോളജിസ്റ്റുമായ ഡോ. കെ. ശ്രീകുമാര്‍ നായര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം മറവി രോഗം ഉള്‍പ്പെടെ ഗുരുതരമായ പല ഗുരുതരാവസ്ഥകളിലേക്കും നയിക്കും. കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം അരിയാഹാരം കൂടുതല്‍ കഴിക്കുന്നതാകാം. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും വഴി പ്രമേഹത്തെ അകറ്റിനിര്‍ത്താനാകും.
മരുന്നു കഴിക്കുന്നതുകൊണ്ടു രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താമെന്ന ധാരണ പലരും വച്ചുപുലര്‍ത്തുന്നത് നിര്‍ഭാഗ്യകരമാണ്. ജീവിത ശൈലയില്‍ കാതലായ മാറ്റം വരാതെ രോഗത്തിന്റെ ഭീഷണി ഒഴിയുകയില്ല. ശരിയായ ഭക്ഷണക്രമത്തെക്കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗികളെ തുടര്‍ച്ചയായി ബോധവത്കരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം. സമയക്കുറവ് ഇതിന് തടസമാകുന്നുണ്ടെങ്കില്‍ സാധാരണക്കാര്‍ക്ക് പെട്ടെന്ന് വായിച്ചു മനസിലാക്കാന്‍ സാധിക്കുന്ന ലഘുലേഖകള്‍ നല്‍കുന്നത് പരിഗണിക്കണം. ജനങ്ങള്‍ക്ക് വ്യായാമം ചെയ്യുന്നതിന് മതിയായ സൗകര്യങ്ങള്‍ എല്ലാ സ്ഥലങ്ങളിലും ക്രമീകരിക്കേണ്ടതും ആവശ്യമാണ്. കുട്ടികളുടെ പഠനത്തിനും ജോലിക്കും മാത്രം മുന്‍ഗണന നല്‍കാതെ ആരോഗ്യകരമായ ശീലങ്ങള്‍ അവരെ പരിശീലിപ്പിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഡോ. ശ്രീകുമാരന്‍ നായര്‍ പറഞ്ഞു.
സ്കൂള്‍ ഓഫ് എന്‍യവോണ്‍മെന്റല്‍ സയന്‍സസും സ്കൂള്‍ ഓഫ് ബയോ സയന്‍സസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.ആര്. ബൈജു, ഡോ. ജോജി പി. അലക്സ്, ഗ്രാജ്വേറ്റ് സ്കൂള്‍ ഡയറക്ടര്‍ ഡോ. കെ. ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.



