ബംഗലൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.
പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ടിപിജി നമ്പ്യാരുടെ കമ്പനി ആദ്യം തുടങ്ങിയത്. പിന്നീട് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ രംഗത്തെ അതികായരായി മാറി. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ നിര്‍മാണരംഗങ്ങളിലും ബിപിഎല്‍ ശ്രദ്ധേയ നാമമായിരുന്നു.