Tuesday, October 28, 2025
No menu items!
Homeകായികംപ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന്...

പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി

തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. കാലിക്കറ്റ് മുന്നോട്ടുവച്ച  214 റണ്‍സ് വിജയലക്ഷ്യം കൊല്ലം 19.1 ഓവറില്‍ നാലു  വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറിയാണ് കൊല്ലത്തിനു വമ്പന്‍ ജയം സമ്മാനിച്ചത്. 54 പന്തില്‍ നിന്ന് പുറത്താകാതെ 105 റണ്‍സെടുത്ത സച്ചിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്. എല്ലാ മല്‍സരങ്ങളിൽ നിന്നുമായി 528 റണ്ണുകള്‍ നേടിയ സച്ചിനാണ് ലീഗില്‍ ഏറ്റവുമധികം റണ്ണുകള്‍ നേടിയതും. 

ടോസ് നേടിയ കൊല്ലം കാലിക്കറ്റിന ബാറ്റിംഗിനയക്കുകയായിരുന്നു. 4.2-ാം ഓവറില്‍  കാലിക്കറ്റിന് ആദ്യ  വിക്കറ്റ് നഷ്ടമായി. 14 പന്തില്‍ 10 റണ്‍സ് നേടി ഒമര്‍ അബൂബക്കറിനെ എസ്. മിഥുന്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന നിലയില്‍. 8.2-ാം ഓവറില്‍ ബിജു നാരായണനെ സിക്‌സ് അടിച്ച് രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ചുറി തികച്ചു.  10-ാം ഓവറിലെ മൂന്നാം പന്തില്‍ എസ്. മിഥുന്റെ പന്തില്‍ പവന്‍ രാജ് പിടിച്ച് റോഹന്‍ കുന്നുമ്മല്‍ പുറത്തായി. 13-ാം ഓവറിലെ അവസാന പന്ത് സിക്‌സ് പറത്തി അഖില്‍ സ്‌കറിയ അര്‍ധ സെഞ്ചുറി നേടി. 14-ാം ഓവറില്‍ അഖിലിന്റെ വിക്കറ്റ് പവന്‍രാജ്, ബിജു നാരായണന്റെ കൈകളിലെത്തിച്ചു. 30 പന്ത് നേരിട്ട അഖില്‍ മൂന്നു സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സുമായി പുറത്തായി. എം. അജിനാസും സല്‍മാന്‍ നിസാറും ചേര്‍ന്ന് അതിവേഗത്തില്‍ കാലിക്കറ്റിന്റെ സ്‌കോര്‍ ഉയര്‍ത്തി. 17-ാം ഓവറില്‍ 26 റണ്‍സാണ് കാലിക്കറ്റ് അടിച്ചു കൂട്ടിയത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ എം. അജിനാസ് പുറത്തായി. 24 പന്തില്‍ നാലു സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 56 റണ്‍സാണ് അജിനാസ് അടിച്ചെടുത്തത്. 19-ാം ഓവറില്‍ കാലിക്കറ്റ് സ്‌കോര്‍ 200 കടന്നു. അവസാന ഓവറില്‍ സല്‍മാന്‍ നിസാറിന്റേയും  അഭിജിത് പ്രവീണിന്റെയും വിക്കറ്റുകള്‍ കാലിക്കറ്റിന് നഷ്ടമായി. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന സ്‌കോറിന് കാലിക്കറ്റ് ഇന്നിംഗ്‌സ് അവസാനിച്ചു.

214 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് സ്‌കോര്‍ 29ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത അരുണ്‍ പൗലോസാണ് പുറത്തായത്. അഞ്ചാം ഓവറിലെ അവസാന പന്തില്‍ അഭിഷേക് നായരുടെ (16 പന്തില്‍ 25 റണ്‍സ് ) വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി- വത്സല്‍ ഗോവിന്ദ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 10 ഓവര്‍ അവസാനിച്ചപ്പോള്‍ 100ലെത്തിച്ചു. 31 പന്തില്‍ നിന്ന് സച്ചിന്‍ അര്‍ധസെഞ്ചുറി തികച്ചു. 14.2 ഓവറില്‍ കൊല്ലം സ്‌കോര്‍ 150 ലെത്തി. 57 പന്തില്‍ നിന്ന് സച്ചിന്‍ ബേബി- വത്സല്‍ ഗോവിന്ദ് കൂട്ടുകെട്ട് 100 റണ്‍സ് കടന്നു. 16-ാം ഓവറിലെ ആദ്യ പന്തില്‍ വത്സല്‍ ഗോവിന്ദിനെ അഖില്‍ സ്‌കറിയ മടക്കി. റോഹന്‍ കുന്നുമ്മലിന് ക്യാച്ച് നല്കി  മടങ്ങുമ്പോള്‍  27 പന്തില്‍ നിന്ന് 45 റണ്‍സായിരുന്നു വത്സല്‍ നേടിയത്. തുടര്‍ന്നെത്തിയ ഷറഫുദീന്‍ രണ്ട് റണ്‍സെടുത്ത് അഖില്‍ദേവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 18-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സ് അടിച്ച് സച്ചിന്‍ ബേബി സെഞ്ചുറി നേടി. രാഹുല്‍ ശര്‍മ പുറത്താകാതെ നിന്നു.

ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ മോഹൻലാലും കായിക വകുപ്പു മന്ത്രി വി. അബ്ദു റഹിമാനും ചേർന്ന് വിജയികൾക്ക് പ്രഥമ ക്രിക്കറ്റ് ലീഗ് കപ്പ് സമ്മാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ, കെസിഎൽ ചെയർമാൻ നാസർ മച്ചാൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് കെ.വി. ഷിബു എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments