മൂവാറ്റുപുഴ: ഉദ്യോഗസ്ഥരുടെ കുറവ് മൂവാറ്റുപുഴ പൊലീസ്
സ്റ്റേഷന്‍ പ്രവർത്തനത്തെ ബാധിക്കുന്നു. തിരക്കേറിയ
കട്ചരിത്താഴത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഇരിക്കാൻ
ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ തുറന്നിട്ട് ദിവസങ്ങളായി.
ഗതാഗതക്കുരുക്ക് മൂലം നട്ടം തിരിയുന്ന നഗരത്തിൽ ട്രാഫിക്
പൊലീസിന്‍റെ കുറവും പ്രശ്‌നം സൃഷ്ടിക്കുകയാണ്.
മധ്യകേരളത്തിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ
ഇവിടെ 115 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവിലുള്ള
അംഗബലം 85 മാത്രമാണ്. വിരമിച്ചവര്‍ക്കും സ്ഥലംമാറി
പോയവര്‍ക്കും പ്രമോഷന്‍ ലഭിച്ച് പോയവര്‍ക്കും പകരം
ആളെത്താത്തതാണ് കാരണം.
നിലവിലുളളതില്‍ 20 ഓളം പേർ വര്‍ക്ക് അറേഞ്ച്‌മെന്‍റിന്‍റെ
ഭാഗമായി സ്റ്റേഷനിലില്ല. വിജിലന്‍സ് കോടതി, കുടുംബ കോടതി
എന്നിവയിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍
നിന്നയക്കേണ്ടതുണ്ട്. ഇതിനു പുറമെ, പിങ്ക് പട്രോൾ, സ്റ്റുഡന്‍റ്
കേഡറ്റ് ചുമതല, ആന്‍റി നാര്‍കോട്ടിക് കമ്മിറ്റി, സ്റ്റുഡന്റ്
പ്രൊട്ടക്ഷന്‍ സ്ക്വാഡ് എന്നിങ്ങനെയുള്ള പദ്ധതികൾക്കും
പൊലീസുകാരെ നിയമിക്കണം.ഇതോടെ ദൈനംദിന
ജോലികള്‍ക്കു പോലെ ആളില്ലെന്ന അവസ്ഥയാണ്.
ആള്‍ക്ഷാമം മൂലം പ്രധാനകേസുകളുടെ അന്വേഷണം വരെ
മുടങ്ങുന്ന സ്ഥിതിയുണ്ട്. മേഖലയില്‍ മോഷണവും മറ്റു
കുറ്റകൃത്യങ്ങളും വ്യാപകമായിട്ടും പൊലീസിന് ശക്തമായി
ഇടപെടാന്‍ പോലും കഴിയുന്നില്ലെന്നതും ഗൗരവതരമാണ്.