പൊന്നാനി: ദേശീയപാത നിർമാണം അതിവേഗതയിൽ പുരോഗമിക്കുമ്പോൾ ജില്ലയിലെ നീളമേറിയ പൊന്നാനി-ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിലൂടെ വാഹനഗതാഗതം ആരംഭിച്ചു. നിർമാണം പൂർത്തിയായതോടെ ചെറിയ വാഹനങ്ങൾ ഉൾപ്പെടെയാണ് ഇത് വഴി കടന്നുപോകുന്നത്. ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിർമിക്കുന്ന രണ്ട് മേൽപാലങ്ങളിൽ ഒന്നാണ് പൊന്നാനി-ചമ്രവട്ടം ജങ്ഷനിലേത്. പാലത്തിലെ ടാറിങ് ഉൾപ്പെടെ നേരത്തേ പൂർത്തീകരിച്ചിരുന്നു. 360 മീറ്റർ നീളമാണ് ഫ്ലൈ ഓവറിനുള്ളത്. ഇരുഭാഗത്തുമായി മൊത്തം 600 മീറ്റർ അപ്രോച്ച് റോഡുമാണുള്ളത്. 30 മീറ്റർ വീതിയിലാണ് പാലം നിർമിച്ചത്. ഫ്ലൈ ഓവറുകളുടെയും മറ്റു പാലങ്ങളുടെയും അന്തിമനിർമാണ പ്രവൃത്തികൾ മാത്രമാണ് ഇനി നടക്കാനുള്ളത്. തേഞ്ഞിപ്പലം മുതൽ പുതുപൊന്നാനി വരെ 20 ഇടങ്ങളിലാണ് മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്. അടിപ്പാതകളിലൂടെയുള്ള ഗതാഗതം നേരത്തേ ആരംഭിച്ചിരുന്നു. ഇവ ഒഴികെയുള്ള ഭാഗങ്ങളിൽ ഡിസംബറിൽ തന്നെ പൂർണമായും ഗതാഗതം സാധ്യമാകും. മാർച്ചിൽ ജില്ലയിലെ ആറുവരി പാതയിലൂടെ വാഹന ഗതാഗതം ആരംഭിക്കാൻ കഴിയും.