Sunday, August 3, 2025
No menu items!
Homeവാർത്തകൾപൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകൾ കള്ളുചെത്തിനു കൈമാറിയേക്കും

പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകൾ കള്ളുചെത്തിനു കൈമാറിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തു കള്ളിന്റെ ഉൽപാദനം കൂട്ടാൻ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകൾ കള്ളുചെത്തിനു കൈമാറിയേക്കും. ഇതിനുള്ള ശുപാർശയടങ്ങിയ റിപ്പോർട്ട് എക്സൈസ് കമ്മിഷണറും നികുതി, ധന സെക്രട്ടറിമാരും അംഗങ്ങളായ ടോഡി ബോർഡ് സർക്കാരിനു നൽകി. തോട്ടങ്ങളിൽ കള്ളുചെത്തു പ്രോത്സാഹിപ്പിക്കണമെന്ന മുൻ മദ്യനയത്തിലെ നിർദേശം നിലനിൽക്കുന്നതിനാൽ നിയമതടസ്സമില്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്കു വരുമാനവും ലഭിക്കും. തൊഴിലാളികളെ ടോഡി ബോർഡ് നിയോഗിക്കും.

കണ്ണൂർ ആറളം ഫാമിലെ തെങ്ങിൻതോട്ടത്തിൽ കുറച്ചുഭാഗം ചെത്തിനു നൽകിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ചില തുരുത്തുകളിലും കള്ളുൽപാദനമുണ്ട്. ഈ മാതൃക വ്യാപകമാക്കാനാണു നിർദേശം. പൊതുമേഖലയിൽ ലഭ്യമായ തെങ്ങുകളുടെ എണ്ണമെടുക്കാൻ ടോഡി ബോർഡ് കർഷകസംഘടനകളുടെ സഹായം തേടി.

തെങ്ങിൻകള്ള് കുപ്പിയിലടച്ചു വിൽക്കാൻ അനുവദിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ഈ നിർദേശം സർക്കാരിന്റെ പരിഗണനയിലുള്ള മദ്യനയത്തിലുമുണ്ട്. ജൈവരീതിയിൽ 6 മാസം വരെ കേടുകൂടാതെയിരിക്കുന്ന സാങ്കേതികവിദ്യയുമായി ചില സംരംഭകർ ബോർഡിനെ സമീപിച്ചിരുന്നു. തുടക്കത്തിൽ ഷാപ്പുകളിലും ഉൽപാദനം വർധിച്ചാൽ റിസോർട്ട്, മാൾ എന്നിവിടങ്ങളിലും ലഭ്യമാക്കാമെന്നാണു വിലയിരുത്തൽ. ‘കേരള ടോഡി’ എന്ന ബ്രാൻഡിലാകണം വിൽപന. ഇത്തരത്തിൽ വിൽക്കാനായാൽ ഡ്രൈഡേയിൽ കള്ള് തോട്ടത്തിൽ ഒഴുക്കിക്കളയുന്നതും ഒഴിവാക്കാം. കള്ള് കുപ്പിയിലടച്ചു വിൽക്കാൻ ചട്ടഭേദഗതി വേണ്ടിവരും. പുതിയ മദ്യനയത്തിന്റെ കരടിലും നിർദേശമുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകും. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കാറായതിനാൽ അടുത്ത വർഷമേ നയം വരികയുള്ളൂ.

ആൽക്കഹോൾ ഘടകം പരമാവധി 8% മാത്രമായതിനാൽ കള്ളിനെ അബ്കാരി നിയമത്തിൽനിന്നു മാറ്റണമെന്ന ശുപാർശയുമുണ്ട്. വിൽക്കാൻ കഴിയാത്ത കള്ള് പൊടിരൂപത്തിലാക്കി സൂക്ഷിക്കാനും ചോക്കലേറ്റ്, വിനാഗിരി പോലെയുള്ള മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനും ഉള്ള സാങ്കേതികവിദ്യ കാർഷിക സർവകലാശാലയുടെ പക്കലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments