ന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു. വീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ, ട്രെയിനിംഗ് ഡയറക്ടർ എന്നിവർക്ക് യഥാക്രമം ആറ് ലക്ഷവും മൂന്ന് ലക്ഷവും രൂപവീതം പിഴയും ചുമത്തിയിട്ടുണ്ട്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയതായി ഡി.ജി.സി.എ. അറിയിച്ചു. ജൂലൈയ് പത്തിനായിരുന്നു നടപടിക്ക് ആധാരമായ സംഭവം. ഒരു നോൺ ട്രെയിനർ ലൈൻ ക്യാപ്റ്റനെയടക്കം ഉപയോഗിച്ച് എയർ ഇന്ത്യ വിമാനസർവീസ് നടത്തിയത് വലിയ സുരക്ഷാ വീഴ്ചയാണെന്നും വളരെ ഗൗരവത്തോടെയാണ് ഈ സംഭവത്തെ കാണുന്നതെന്നും ഡി ജിസിഎ പ്രസ്താവനയിൽ പറയുന്നു. എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡിജിസിഎ സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഡിജിസിഎ വ്യക്തമാക്കി.