പേയാട്: നിത്യഹരിത നായകന്‍ നസീറിനോടൊപ്പം ഷീല, ശാരദ, ജയഭാരതി തുടങ്ങിയ നായികമാര്‍ മുതല്‍ ഇപ്പോഴത്തെ മുന്‍നിര നായികമാര്‍ വരെ വെള്ളിത്തിരയില്‍ പാടി അഭിനയിച്ച ഗാനരംഗങ്ങളെ അഭ്രപാളികളില്‍ നിന്നും അതുപോലെ ഒപ്പിയെടുത്ത് അഭിനയിച്ച് ഹ്രസ്വചിത്രമാക്കി മാറ്റിയ ഒരു അപൂര്‍വ്വപ്രതിഭയുണ്ട്. ആ പെണ്‍കരുത്ത് ഇപ്പോള്‍ ഫില്‍ക്ക ഫിലിം സൊസൈറ്റിയുടെ പി.ആര്‍.ഒ പദവിയിലും എത്തി നില്‍ക്കുകയാണ്. അറുപത് പിന്നിട്ടിട്ടും പതിനേഴിന്റെ ചുറുചുറുക്കോടെയാണ് ജസീന്താ മോറിസ് എന്ന ഈ പ്രതിഭ കലാ, സാഹിത്യ, സാംസ്‌ക്കാരിക രംഗത്ത് നിറസാന്നിദ്ധ്യമാകുന്നത്.
ചെറുപ്പം മുതല്‍ വായനയായിരുന്നു ജസീന്താ മോറീസിന്റെ ലോകം.
ഏജീസ് ഓഫീസില്‍ ജോലി കിട്ടിയശേഷം അവിടത്തെ ജീവനക്കാരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന മാസികയിലായിരുന്നു എഴുതിത്തുടങ്ങിയത്. അന്ന് തുടങ്ങിയ എഴുത്ത് സപര്യ ജോലിയില്‍ നിന്നും വിരമിച്ചിട്ടും വളരെ ഭംഗിയായി തുടരുന്നുണ്ട്.
മൂന്ന് ഭാഷകളിലായി ഇരുപത് പുസ്തകങ്ങളാണ് ഈ പ്രതിഭ പ്രസിദ്ധീകരിച്ചത്. ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍, അഭിനേതാവ്, എഴുത്തുകാരി, പ്രാസംഗിക തുടങ്ങി വിവിധ മേഖലകളില്‍ ഇതിനോടകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു ജസീന്താ മോറീസ്. തിരുവനന്തപുരം പേയാട് ഗ്രീന്‍സിറ്റിയിലെ ജസീന്ത മോറിസിന്റെ വീട്, അവരുടെ ഉള്ളിലെ പരിസ്ഥിതിസ്‌നേഹത്തേയും സഹജീവിസ്‌നേഹത്തേയും വിളിച്ചോതുന്നതാണ്. നിരവധി പുരസ്‌ക്കാരങ്ങളാണ് ജസീന്താ മോറിസിന് ലഭിച്ചിട്ടുള്ളത്.
ഇപ്പോള്‍ ഒരു ടെലിവിഷന്‍ പരമ്പരയില്‍ വില്ലത്തിവേഷം അഭിനയിക്കുകയാണ് ജസീന്ത. ഇതിനിടയിലാണ് ഫില്‍ക്ക ഫിലിം സൊസൈറ്റിയുടെ പി.ആര്‍.ഒ പദവിയും ജസീന്തയെ തേടിയെത്തിയിരിക്കുന്നത്.