തൃശ്ശൂര്‍ നഗരം ജനസമുദ്രമാകുവാന്‍ ഇനി ആറ് ദിവസം മാത്രം. പൂരം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. പൂരം ആസ്വദിക്കാന്‍ എത്തുന്നവരുടെ സുരക്ഷയിലും സൗകര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ദേവസ്വവും സര്‍ക്കാരും ഒരുക്കമല്ല. പൂരം കൊടിയേറ്റ് ഇന്നലെ കഴിഞ്ഞത് മുതല്‍ തൃശ്ശൂരിന് അടിമുടി പൂരം വൈബാണ്. ചെല്ലുന്നിടത്തെല്ലാം പൂര വിശേഷം തന്നെ. കാഴ്ചക്കാരായി എത്തുന്നവര്‍ക്ക് പൂരം വിശേഷമായ ഒരു അനുഭൂതിയായി തീരാന്‍ സൗകര്യങ്ങളും സുരക്ഷയും പരമപ്രധാനമാണ്. അതില്‍ ഇക്കുറിയും കോംപ്രമൈസ് ഇല്ല.
പൂരം കാണാന്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ പറഞ്ഞു. ദേവസ്വം മന്ത്രി മൂന്നാം തീയതി നേരിട്ട് എത്തി പൂരം അവലോകന യോഗം നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ പറഞ്ഞു. സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. കൊടിയേറ്റത്തിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ സംസ്ഥാന പോലീസ് മേധാവി നേരിട്ട് എത്തി പൂരം നടക്കുന്ന ഇടങ്ങളും വെടിക്കെട്ട് പറമ്പും പരിശോധിച്ചിരുന്നു. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് പോലീസ് മേധാവി നേരിട്ട് എത്തി പരിശോധിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.