മുംബൈ: പൂനെയിൽ 26 പേർക്ക് ഗില്ലൻ ബാ സിൻഡ്രോം രോഗബാധയെന്ന് സംശയം. നഗരത്തിലെ മൂന്ന് പ്രധാന ആശുപ്രതികളിലായി വർദ്ധിച്ചുവരുന്ന കേസുകളെ കുറിച്ച് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിംഹഗഡ് റോഡ്, ധയാരി, പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ പറഞ്ഞു. പെട്ടെന്ന് മരവിപ്പിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്ന അപൂർവ അവസ്ഥയാണ് ഗില്ലിൻ-ബാരെ സിൻഡ്രോം. രോഗബാധയെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകൾ പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ (പിഎംസി) ആരോഗ്യ വിഭാഗം പരിശോധനയ്ക്കായി ഐസിഎംആർ-എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. രോഗലക്ഷമമുള്ളവരിൽ ഭൂരിഭാഗവും 12 മുതൽ 30 വയസ് വരെ പ്രായമുള്ളരാണ്. 59 വയസുള്ള ഒരാളും ചികിത്സയിലുണ്ട്. സ്ഥിതിഗതികൾ അന്വേഷിക്കാൻ ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു.
രോഗികളുടെ പ്രതിരോധശേഷി ദുർബലമാക്കുന്നതിനാൽ ബാക്ടീരിയ, വൈറൽ അണുബാധകൾ പൊതുവെ ജിബിഎസിലേക്ക് നയിക്കുമെന്ന് ഡോക്ടർ പറഞ്ഞു. ജിബിഎസ് ഒരു പകർച്ചവ്യാധിയിലേക്ക് നയിക്കില്ല. ഇപ്പോൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടർ പറഞ്ഞു.