Sunday, August 3, 2025
No menu items!
Homeഹരിതംപൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ വരുമാനം ഉറപ്പാക്കാൻ ക്ഷീരവികസന വകുപ്പ് ജില്ലയില്‍ പ്രത്യേക 'ക്ഷീരലയം' പദ്ധതി...

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ വരുമാനം ഉറപ്പാക്കാൻ ക്ഷീരവികസന വകുപ്പ് ജില്ലയില്‍ പ്രത്യേക ‘ക്ഷീരലയം’ പദ്ധതി നടപ്പാക്കുന്നു

ഇടുക്കി: തേയില, കാപ്പി എസ്‌റ്റേറ്റുകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അനുബന്ധ തൊഴില്‍ മേഖലയെന്ന നിലയില്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. തോട്ടം മേഖലയിലെ സ്വയം സഹായം സംഘങ്ങള്‍ മുഖേന പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

തൊഴിലാളികളുടെ സാമ്ബത്തിക ഉന്നമനത്തിനു പുറമെ വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് കന്നുകാലികളെ രക്ഷിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. തോട്ടം മേഖലകളില്‍ ഒട്ടേറെ തൊഴിലാളികള്‍ കാലി വളര്‍ത്തല്‍ നടത്തുന്നുണ്ട്. എന്നാല്‍ മറ്റ് കാര്‍ഷിക മേഖലകളില്‍ നിന്ന് വിഭിന്നമായി പശുക്കളെ തൊഴുത്തുകളില്‍ കെട്ടിയിടാതെ തോട്ടങ്ങളില്‍ അഴിച്ചു വിടുകയാണ് ചെയ്യുന്നത്.

തോട്ടങ്ങളില്‍ മേയാന്‍ പോകുന്ന പശുക്കളുടെ അന്തിയുറക്കം പലപ്പോഴും പാതയോരങ്ങളിലോ തൊഴിലാളി ലയങ്ങളുടെ വരാന്തയിലോ തുറസായ ഇടങ്ങളിലോ ആണ്. ഇതിനിടെയാണ് കന്നുകാലികള്‍ക്ക് നേരെ പുലി അടക്കം വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാവുന്നത്. മോഷ്ടാക്കള്‍ പശുക്കളെ കടത്തിക്കൊണ്ടു പോകുന്ന സംഭവങ്ങളുമുണ്ടായി. ഇത്തരം പ്രതിസന്ധികള്‍ക്ക് ക്ഷീരലയം പദ്ധതി മുഖേന പരിഹാരമാകുമെന്ന് ക്ഷീര അധികൃതര്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ സ്‌പെഷല്‍ ഡയറി റിഹാബിലിറ്റേഷന്‍ പാക്കേജ് മുഖേനയാണ് തോട്ടം മേഖലകളില്‍ ക്ഷീരലയം പദ്ധതി നടപ്പാക്കുന്നത്. തോട്ടം മേഖലകളില്‍ തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ലയങ്ങള്‍ എന്നറിയപ്പെടുന്നതിനാലാണ് പദ്ധതിക്ക് ക്ഷീരലയം എന്ന് പേരിട്ടത്.

പശുക്കള്‍ക്ക് സുരക്ഷിതമായി കഴിയുന്നതിനാണ് തൊഴുത്ത് നിര്‍മിക്കുന്നത്. പത്തു പേരടങ്ങുന്ന സംഘങ്ങള്‍ക്കാണ് പദ്ധതി പ്രകാരം സഹായം നല്‍കുക. 10 തൊഴിലാളി കുടുംബങ്ങള്‍ക്ക് ഓരോ കറവപ്പശു വീതം വാങ്ങുന്നതിനും വളര്‍ത്തുന്നതിനും സാമ്ബത്തിക സഹായം നല്‍കും. കമ്യൂണിറ്റി കന്നുകാലി തൊഴുത്ത് സ്ഥാപിക്കുന്നതിനും സഹായം നല്‍കും. 14 ലക്ഷം രൂപയാണ് കിട്ടുക. ഇതില്‍ 11 ലക്ഷം രൂപ സബ്സിഡിയാണ്. മൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്യുന്നതിനും കറവപ്പശുക്കളെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും ജൈവവാതക പ്ലാന്‍റ് സ്ഥാപിക്കുന്നതിനും പ്രത്യേക സാമ്ബത്തിക സഹായം കിട്ടും. പ്രവര്‍ത്തന മൂലധനമായി കൂടുതല്‍ പ്രത്യേക സാമ്ബത്തിക സഹായവും നല്‍കും. തീറ്റചെലവ്, വൈദ്യുതി, ജലനിരക്ക്, വെറ്റ് എയ്ഡ്, കന്നുകാലികളുടെ മറ്റ് ആരോഗ്യ സംരക്ഷണം എന്നിവക്കാണ് ഈ തുക. പ്രാദേശിക വില്‍പനക്കും ക്ഷീര സംഘങ്ങള്‍ വഴി പ്രാദേശിക യൂണിയനും പാല്‍ കൊണ്ടുപോകുന്നതിന് അടുത്തുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ക്കും സഹായം ലഭ്യമാകും.

ക്ഷീരലയം പദ്ധതിയുടെ അന്തിമ ഗുണഭോക്താവായി ഒരു പ്രത്യേക ലയം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക തോട്ടം എസ്റ്റേറ്റിന്റെ പേരില്‍ ബന്ധപ്പെട്ട ഡി.ഇ.ഒയും മാനേജ്‌മെന്റും ധാരണാപത്രം ഒപ്പിടും. ലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട ഡയറി ട്രെയിനിങ് സെന്ററുമായി കൈകോര്‍ത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും. പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട ചെലവുകള്‍ ബന്ധപ്പെട്ട ഡയറി ട്രെയിനിങ് സെന്ററിന്റെ പരിശീലന ഫണ്ടില്‍ നിന്ന് വഹിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഗുണഭോക്തൃ ലയം അന്തിമമാക്കുന്നതിന് മുമ്ബ് ജില്ല ഭരണകൂടം, എം.എല്‍.എമാർ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ ഇടപെടലുകളും ഉറപ്പാക്കണം. അപേക്ഷകര്‍ അടുത്തുളള ക്ഷീരവികസന യൂനിറ്റുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

സംസ്ഥാനത്ത് ഇടുക്കി, വയനാട് ഉള്‍പ്പെടെ തോട്ടം മേഖലകള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ക്ഷീരലയം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് മൂന്നാര്‍ ലക്ഷ്മി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments