അങ്കമാലി: എറണാകുളം അങ്കമാലിയിൽ മാഞ്ഞാലിതോട് പുഴയിൽ വീണ കുഞ്ഞിനെയും പിതാവിനെയും സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. അങ്കമാലി മങ്ങാട്ടുകര സ്വദേശിയായ അനന്തുവാണ് പിതാവിനെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി നാടിന്‍റെ ഹീറോ ആയത്. അന്യസംസ്ഥാനക്കാരായ പിതാവും നാലു വയസ്സുള്ള ആൺകുട്ടിയുമാണ് പുഴയിൽ വീണ് അപകടത്തിൽപ്പെട്ടത്.
ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്താൻ പിതാവ് പിറകെ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. എന്നാൽ നീന്തൽ അറിയാത്തതിനാൽ പിതാവും ഒഴുക്കിൽപ്പെട്ടു. എന്നാൽ അപകടം കണ്ടയുടൻ പുഴയിൽ ഇറങ്ങിയ അനന്തു രണ്ടുപേരെയും സാഹസികമായി രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. മങ്ങാട്ടുകര ചെമ്പകശ്ശേരി വീട്ടിൽ വാസുദേവന്‍റെ ഇളയ മകനാണ് 25 കാരനായ അനന്തു.