ന്യൂഡൽഹി: കേരള ടൂറിസം വീണ്ടും പുരസ്കാര നിറവിൽ. സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരമായി ടിഓഎഫ് ടൈഗേർസിന്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള ടൂറിസത്തിന് ലഭിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾ എന്നീ ഘടകങ്ങളാണ് കേരളത്തെ നേട്ടത്തിനു അർഹമാക്കിയത്. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി.
കേരളത്തിൻ്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികൾ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. കേരളം അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുകയെന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിഡാനന്തര കാലഘട്ടത്തിൽ സുസ്ഥിര ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കി. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര- ദേശീയ പുരസ്കാരങ്ങളാണ് കേരളത്തെ തേടിയെത്തിയത്.