ന്യൂഡൽഹി: ഗൂഗിളിന്റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത പ്രശ്നങ്ങളും കോഡിങും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മികവ് പുലർത്തുമെന്നാണ് ഗൂഗിളിന്റെ ഉറപ്പ്.
സെർച്ച് ഉൾപ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്റെ ഉറപ്പ്. എല്ലാ ഉപയോക്താക്കൾക്കും ജെമിനി ആപ്പിലും ഇത് ലഭ്യമാകും. എങ്കിലും സബ്സ്ക്രൈബ് ചെയ്തിട്ടുള്ള പ്ലാൻ അനുസരിച്ച് ഉപയോഗ പരിധിയിൽ വ്യത്യാസമുണ്ടാകും. നിലവിൽ 65 കോടിയിലേറെ ഉപയോക്താക്കൾ എല്ലാ മാസവും ജെമിനി എഐ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ പറയുന്നു.
“ജെമിനി 3 യുക്തിഭദ്രമായ ചിന്തയുടെ കാര്യത്തിൽ അത്യാധുനികമാണ്. ഒരു ആശയത്തിലെ സൂക്ഷ്മമായ സൂചനകൾ മനസ്സിലാക്കുന്നതിനോ, അല്ലെങ്കിൽ ഒരു ദുഷ്കരമായ പ്രശ്നത്തെ വേർതിരിച്ചെടുക്കുന്നതിനോ എല്ലാം ജെമിനി 3ന് കഴിയും. നിങ്ങളുടെ ആവശ്യത്തിന് പിന്നിലെ സന്ദർഭവും ഉദ്ദേശവും കണ്ടെത്താൻ ജെമിനി 3-ക്ക് കൂടുതൽ കഴിവുണ്ട്. അതിനാൽ കുറഞ്ഞ പ്രോംപ്റ്റിംഗ് വഴി നിങ്ങൾക്ക് ആവശ്യമുള്ളത് ലഭിക്കുന്നു. വെറും രണ്ട് വർഷത്തിനുള്ളിൽ, എഐ വെറും ടെക്സ്റ്റുകളും ഇമേജുകളും വായിക്കുന്നതിൽ നിന്ന് സന്ദർഭം വായിക്കാൻ കഴിവുള്ളതായി പരിണമിച്ചുവെന്നത് വിസ്മയകരമാണ്”- ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വിശദീകരിച്ചു



