ആദായനികുതിദായകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ആദായ നികുതി ബില്‍ ഈ ആഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ആദായ നികുതി അടയ്ക്കുന്നത് അനായാസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലളിതമാക്കിയ ചട്ടങ്ങളോടെ ആദായനികുതി നിയമം അവതരിപ്പിക്കുന്നത്. 536 സെക്ഷനുകളും 23 അധ്യായങ്ങളും അടക്കം 622 പേജുകളാണ് പുതിയ ആദായനികുതി ബില്ലില്‍ ഉണ്ടായിരിക്കുകയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ആദായനികുതി നിയമം പാസാക്കിയാല്‍ 1961ലെ ആദായനികുതി ചട്ടങ്ങള്‍ അസാധുവാകും
പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍
തൊട്ട് മുന്‍വര്‍ഷം നേടുന്ന വരുമാനം (202324) എന്ന അടിസ്ഥാനത്തില്‍ പ്രീവിയസ് ഇയറിലെ നികുതി, അസസ്മെന്‍റ് ഇയറില്‍(202425) അടയ്ക്കുന്നു എന്നുള്ളതാണ് ഇതുവരെയുള്ള സമ്പ്രദായം. അസസ്മെന്‍റ് ഇയര്‍, പ്രീവിയസ് ഇയര്‍ എന്നിങ്ങനെയുള്ള സങ്കല്പം പുതിയ ചട്ടത്തോടെ ഇല്ലാതാകും. 1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിലെ 298 വകുപ്പുകളെക്കാള്‍ കൂടുതലാണ് പുതിയ നിയമത്തിലുള്ളത്. 536 വകുപ്പുകളാണ് പുതിയതായി അവതരിപ്പിക്കാനുള്ള നിയമത്തില്‍ ഉള്ളത്. നിലവിലെ നിയമത്തില്‍ 14 ഷെഡ്യൂളുകള്‍ ഉള്ളത് പുതിയ നിയമത്തില്‍ 16 ആയി വര്‍ദ്ധിക്കും.
പുതിയ ആദായനികുതി നിയമത്തിലെ ആകെ അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിര്‍ത്തി. എന്നാല്‍ ആകെ പേജുകളുടെ എണ്ണം 622 ആയി ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് നിലവിലെ നിയമത്തിന്‍റെ പകുതിയോളമേ ഉള്ളൂ. 1961 ലെ ആദായനികുതി നിയമത്തില്‍ 880 പേജുകള്‍ ആണുള്ളത്.