ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്നത്. അത്തരത്തിൽ കേന്ദ്രം ഏറെ പ്രതീക്ഷയോടെ നടപ്പാക്കുന്ന ഒരു സ്വപ്‌ന പദ്ധതിയാണ് പിഎം ഇന്റേൺഷിപ്പ് സ്‌കീം 2025. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഈ പദ്ധതിയുടെ രജിസ്‌ട്രേഷൻ ഇന്ന് മുതലാണ് ആരംഭിച്ചത്.
മികച്ച സ്വകാര്യ കമ്പനികളിൽ ഇന്റേൺഷിപ്പ് വാഗ്‌ദാനം ചെയ്യുന്നതിലൂടെ അക്കാദമിക് പഠനത്തെ പ്രായോഗിക വ്യവസായ അനുഭവവുമായി ബന്ധിപ്പിക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. 21-24 വയസ് പ്രായമുള്ള വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സ്‌കീം വിവിധ വ്യവസായങ്ങളിൽ ഉടനീളമുള്ള ഇന്ത്യയിലെ മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇന്റേൺഷിപ്പ് സൗകര്യം പ്രദാനം ചെയ്യുന്നു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഈ പദ്ധതി 2024-25ൽ പരീക്ഷണ ഘട്ടത്തിൽ മാത്രം 1.25 ലക്ഷം യുവാക്കളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് നൽകുകയെന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി സർക്കാർ വിഭാവനം ചെയ്‌തിരിക്കുന്നത്.
പിഎം ഇന്റേൺഷിപ്പ് സ്‌കീം 2025; മാനദണ്ഡങ്ങൾ
10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഈ പദ്ധതി മുഖേന അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷകര്‍ 21നും 24നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ആയിരിക്കണം. പ്രൊഫഷണൽ ബിരുദങ്ങളുള്ള, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാർത്ഥികൾ യോഗ്യരല്ല.
അപേക്ഷയുടെ വിവരങ്ങൾ
ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി നേരിട്ട് പിഎം ഇന്റേൺഷിപ്പ് സ്‌കീമിന് അപേക്ഷിക്കാം. നിങ്ങൾ പിഎം ഇന്റേൺഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷൻ അവസാന തീയതിക്ക് മുമ്പ് പൂർത്തിയാക്കിയെന്ന് ഉറപ്പാക്കുക, അതായത് 2025 മാർച്ച് 12 ആണ് ഇതിനുള്ള അവസാന തീയതി.
ഓൺലൈനായി അപേക്ഷിക്കേണ്ട രീതി:
അപേക്ഷ സമർപ്പിക്കാനായി pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
ശേഷം ‘PM Internship Scheme 2025 registration forms’ എന്ന ലിങ്കിലേക്ക് നാവിഗേറ്റ് ചെയ്യുക
സ്വയം രജിസ്‌റ്റര്‍ ചെയ്‌ത് ലോഗിന്‍ ചെയ്യുക
വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കി പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക. ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, സമീപകാല പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷിക്കുന്ന സമയത്ത് കൈവശം വയ്ക്കുന്നത് നന്നാവും. അപേക്ഷയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾ തീർക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം, കൂടാതെ ഇമെയിൽ: pminternship@mca.gov.in, ഫോൺ: 1800 11 6090 എന്നീ നമ്പറിലും ബന്ധപ്പെടാം.