Wednesday, August 6, 2025
No menu items!
Homeവാർത്തകൾപാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജനുവരി 19 മുതൽ 26 വരെ...

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജനുവരി 19 മുതൽ 26 വരെ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2025 ജനുവരി 19 മുതൽ 26 വരെ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. പൊതുജനങ്ങൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അക്കാദമിക് മേഖലകളിലുള്ളവർ, കർഷകർ, കലാസാഹിത്യപ്രതിഭകൾ, കായികപ്രതിഭകൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാകുന്ന വിവിധ പരിപാടികളാണ് സെന്റ് തോമസ് കോളേജിൽ തുടർച്ചയായ 8 ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്റർ ഒരുക്കുന്ന ശാസ്ത്രപ്രദർശനം, മെഡെക്സ്, കോളേജിലെ 18 ഡിപ്പാർട്ടുമെന്റുകൾ ചേർന്നൊരുക്കുന്ന ശാസ്ത്രം, സാഹിത്യം, ഭാഷ, ചരിത്രം, പുരാവസ്തു വിജ്ഞാനീയം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സൂപ്പർ കാറുകൾ, സൂപ്പർ ബൈക്കുകൾ, വിന്റേജ് കാറുകൾ എന്നിവയുടെ പ്രദർശനം, കുതിരസവാരിയും ഒട്ടകസവാരിയും ഉൾപ്പെടെയുള്ള പെറ്റ് ഷോ, പാലാ സോഷ്യല്‍ വെല്ഫെർയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാർഷിക വിളകളുടെയും മൂല്യവർധിത ഉല്പന്നങ്ങളുടെയും പ്രദർശനം, പെയിന്റിംഗ് ബിനാലെ, ഫിലിം ഫെസ്റ്റിവൽ, പോട്ടറി വർക്ക്ഷോപ്പ്, കയാക്കിംഗ്, സന്ദർശകർക്ക് കുടുംബാഗങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കത്തക്കവിധത്തിൽ ഇരിപ്പിടങ്ങളോടുകൂടി മുപ്പതിനായിരം സ്ക്വയർ ഫീറ്റിലൊരുക്കുന്ന ഫുഡ് ഫെസ്റ്റ് തുടങ്ങിയ ആകർഷകങ്ങളായ ഒട്ടേറെ വ്യത്യസ്ത ഇനങ്ങളാണ് 19 മുതലുള്ള ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പ്രസിദ്ധബോളിവുഡ് ഗായിക ശില്പ റാവു, ജൂലിയ ബ്ലിസ്, അറിവ്, ഗബ്രി, ബ്രോധവി, താമരശ്ശേരി ചുരം എന്നിങ്ങനെ ഇന്ത്യയിലെ പ്രസിദ്ധ ഗായകരും മ്യൂസിക് ബാൻഡുകളും അണിനിരക്കുന്ന സംഗീത പരിപാടികളും ആഘോഷ പരിപാടികളിലെ മുഖ്യ ഇനമാണ്.

കേരളത്തിലെ പതിനാല് ജില്ലകളിലൂടെയും സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ശരിയായ ആരോഗ്യപരിപാലനത്തിന്റെയും സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെയുള്ള കേരള സൈക്കിൾ പ്രയാണം ഡിസംബർ 30 ന് ആരംഭിക്കും. പതിനാല് ജില്ലകളിലുമുള്ള വിവിധ വിദ്യാലയങ്ങളിൽ സൈക്കിൾ പ്രയാണം കടന്നുചെല്ലും. 2025 ജനുവരി 19 ന് ഭരണങ്ങാനത്തേക്ക് മാരത്തോൺ സംഘടിപ്പിക്കും.

2025 ജനുവരി 6 മുതൽ 10 വരെ തീയതികളിൽ ഇന്ത്യയിലെ മികച്ച ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നതും പാലാ സെന്റ് തോമസ് കോളേജാണ് എന്നത് ജൂബിലി ആഘോഷ പരിപാടികളുടെ തിളക്കമേറ്റുന്നു. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ നല്കുന്ന ഇന്റർ കോളജിയറ്റ് ഡാൻസ് കോംപിറ്റീഷൻ മേളയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. കേരളത്തിലെ ശ്രദ്ധേയരായ പുസ്തകപ്രസാധകർ സംബന്ധിക്കുന്ന വിശാലമായ പുസ്തകമേളയും സാഹിത്യ സംവാദവും ഉൾപ്പെടുത്തിക്കൊണ്ടുള്ള അക്ഷരോത്സവവും പ്രസിദ്ധരായ വിവിധ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ചിത്രപ്രദർശനവും ചിത്രകലാ ശില്പശാലയും ബിനാലെയും പാലായ്ക്ക് കലയുടെ പുതിയ അനുഭവലോകമാണ് സമ്മാനിക്കുന്നത്. ഡ്രിഫ്റ്റ് സ്റ്റോൺ എക്സിബിഷൻ, ബാംബൂ ക്രാഫ്റ്റ്, വുഡ് കാർവിങ് വർക്ക്ഷോപ്പ്, പുരാവസ്തു പ്രദർശനം, മാംസഭോജികളായ സസ്യങ്ങളുടെ പ്രദർശനം, സസ്യവൈവിധ്യങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മ്യൂസിയം, എന്നിങ്ങനെ കാഴ്ചയുടെവ്യത്യസ്ത അനുഭവങ്ങളിലേക്കാണ് ജനുവരി 19 മുതൽ പാലാ സെന്റ് തോമസ് കോളേജ് പൊതുസമൂഹത്തെ സ്വാഗതം ചെയ്യുന്നത്. ഇന്റർ യൂണിവേഴ്സിറ്റി തലത്തിലുള്ള ഫാഷൻ ഷോയിൽ കേരളത്തിലെ പ്രമുഖ കലാലയങ്ങളുടെ സാന്നിധ്യം ഇതിനോടകം ഉറപ്പാക്കി കഴിഞ്ഞു. റോബോട്ടിക്സ് ഗയിംസ്, പ്ലാനറ്റേറിയം എന്നിവ ഉൾപ്പെടെയുള്ള VR Gaming Zone, Fun Games, അഡ്വേഞ്ചർ സോൺ എന്നിവ കൗതുകങ്ങളുടെ മറ്റൊരു ലോകമൊരുക്കുന്നു. വിനോദത്തിനൊപ്പം വിജ്ഞാനത്തിന്റെ ലോകവും അറിയാൻ അവസരമൊരുക്കുന്ന ക്വിസ് മത്സരവും മേളയുടെ ഭാഗമാണ്. കോളേജിന്റെ ചരിത്ര സഞ്ചാരത്തിന്റെ നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്ന പ്രത്യേക പ്രദർശനവും മേളയിലുണ്ടാവും.

2024 ഡിസംബർ 18 ന് വൈകുന്നേരം 6 മുതൽ 19 ന് രാവിലെ 6 വരെ കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്നു നടത്തുന്ന അർക്കേഡിയ ആഘോഷരാവിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കും. ഇന്റർ ഡിപ്പാർട്മെന്റൽ കരോൾ ഗാനമത്സരം, അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കുന്ന ഷേക്ക്സ്പിയർ തിയേറ്റർ, വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയെല്ലാം ആർക്കേഡിയയുടെ ആകർഷണങ്ങളാണ്. ഡിസംബർ 27 ന് പൂർവ്വ വിദ്യാർത്ഥി മഹാസംഗമവും പ്രശസ്ത ഗായകൻ ജി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഗീതനിശയും സംഘടിപ്പിക്കും. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റിലേ നീന്തൽ Natare Pro Vita, അധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് നടത്തുന്ന ഹിമാലയ എക്സ്പിഡിഷൻ എന്നിവയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വേറിട്ട മുഖം നൽകുന്നു. ജൂബിലിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ലക്ചർ സീരിസിന്റെ രണ്ടാംഘട്ടമായി അന്തർദേശീയ സെമിനാറുകളും പ്രഭാഷണങ്ങളും 2025 ജനുവരി മാസത്തിൽ സംഘടിപ്പിക്കുന്നതാണ്. ജൂബിലി ആഘോഷങ്ങളുടെ സുഗമവും ക്രിയാത്മകവുമായ നടത്തിപ്പിനായി അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments