പാലക്കാട്: സ്വകാര്യ ബസുകള്‍ കൂട്ടിയിച്ച് 20 പേർക്ക് പരിക്ക്. ചിറ്റൂർ നല്ലെപ്പിള്ളിയില്‍ ആയിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ട് ബസുകളിലെ ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് തൃശൂരിലേക്കും ചിറ്റൂരില്‍ നിന്ന് കൊഴിഞ്ഞമ്പാറയിലേക്കും പോയിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു. ഇരു വാഹനത്തിന്റെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർമാരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും കൊഴിഞ്ഞാമ്പാറ അത്താണിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. കൂട്ടിയിടിയിൽ വളരെ ഗുരുതരമായി പരിക്കേറ്റ ഇരു ബസുകളിലെയും ഡ്രൈവർമാരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.