ന്യൂഡല്‍ഹി: ഇന്ത്യ-പാക് സമുദ്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) കപ്പൽ പിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അതിസാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് രക്ഷാപ്രവർത്തനം നടന്നത്. ഉച്ചയ്ക്ക് ശേഷം മത്സ്യബന്ധന നിരോധന മേഖലയ്ക്ക് (NFZ) സമീപം ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡിന് അപകട സിഗ്നൽ ലഭിച്ചതായി ഐസിജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.“ഏകദേശം 3:30ന് , പട്രോളിംഗ് നടത്തുന്ന ഒരു കോസ്റ്റ് ഗാർഡ് കപ്പലിന് NFZ ന് സമീപം പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് ഒരു അപകട സിഗ്നൽ ലഭിച്ചു. മറ്റൊരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ കാൽഭൈരവ് പിഎംഎസ്എ കപ്പൽ തടഞ്ഞുവെന്നും അതിൽ ഉണ്ടായിരുന്ന ഏഴ് ഇന്ത്യൻ ജീവനക്കാരെ പിടികൂടിയതായും വിവരം ലഭിച്ചു’’. പിഎംഎസ്എ കപ്പൽ മത്സ്യത്തൊഴിലാളികളുമായി പോകാൻ ശ്രമിച്ചെങ്കിലും, ഐസിജി കപ്പൽ അത് തടയുകയും മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ പിഎംഎസ്എയെ സമ്മർദം ചെലുത്തുകയുമായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.