Wednesday, February 11, 2026
No menu items!
Homeവാർത്തകൾപാകിസ്ഥാനില്‍ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനില്‍ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനില്‍ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സീസ്മിക് മോണിറ്ററിംഗ് സെന്റര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 11:47 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 94 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇസ്ലാമാബാദ്, ലാഹോര്‍, പെഷവാര്‍, റാവല്‍പിണ്ടി, ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലോവര്‍ ദിര്‍, ബജൗര്‍, മലകന്ദ്, നൗഷേര, ദിര്‍ ബാല, ഷബ്ഖാദര്‍, മൊഹ്‌മന്ദ് മേഖലകളിലാണ് ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ അഫ്‌ഗാനിലെ ഹിന്ദുക്കുഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിനെ (ഇഎംഎസ്ഇ) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ബാഗ്ലാന് 164 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

അതേദിവസം തന്നെ ഫിലിപ്പീന്‍സിലും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സർവേയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പീന്‍സിലും ആളപായമോ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മിന്‍ഡാനാവോ ദ്വീപിന്റെ തീരത്ത് 30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. മൈതം ടൗണിന് തെക്കുപടിഞ്ഞാറായി ജനസാന്ദ്രത കുറഞ്ഞ പര്‍വ്വതപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments