Tuesday, July 8, 2025
No menu items!
Homeവാർത്തകൾപഹല്‍ഗാം ആക്രമണത്തില്‍ പാകിസ്‌താന്‍ ബന്ധം സംബന്ധിച്ചു ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ

പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്‌താന്‍ ബന്ധം സംബന്ധിച്ചു ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്‌താന്‍ ബന്ധം സംബന്ധിച്ചു ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി ഇന്ത്യ. ഭീകര സംഘടനയായ ദ്‌ റെസിസ്‌റ്റന്‍സ്‌ ഫ്രണ്ടിന്റെ ഇലക്‌ട്രോണിക്‌ സിഗ്‌നേച്ചര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണു പാകിസ്‌താന്‍ ബന്ധം സ്‌ഥിരീകരിച്ചത്‌. പാകിസ്‌താനിലെ രണ്ട്‌ കേന്ദ്രങ്ങളില്‍നിന്നാണു ഭീകരരുമായി ബന്ധപ്പെട്ടത്‌. ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലും മുപ്പതിലേറെ വിദേശരാജ്യങ്ങളുടെ സ്‌ഥാനപതിമാരുമായി ഡല്‍ഹിയില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിര്‍ന്ന ഉദ്യോഗസ്‌ഥരും നടത്തിയ കൂടിക്കാഴ്‌ചകളിലും ഭീകരാക്രമണത്തിലെ പാക്‌ ബന്ധം വ്യക്‌തമാക്കിയിട്ടുണ്ട്‌. ആക്രമണം ആസൂത്രണം ചെയ്‌ത ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഭീകരാക്രമണ പങ്കാളിത്തവും സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്‌. അവര്‍ പാകിസ്‌താനില്‍നിന്ന്‌ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതാണെന്നും സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാകിസ്‌താനെ ഒറ്റപ്പെടുത്താനും അവര്‍ക്കു മേലുള്ള രാജ്യാന്തര സമ്മര്‍ദം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌ ഇന്ത്യയുടെ നീക്കം. പാകിസ്‌താനിലെ മുസാഫറാബാദ്‌, കറാച്ചി എന്നിവിടങ്ങളില്‍നിന്നാണു ഭീകരര്‍ക്കു നിര്‍ദേശങ്ങളെത്തിയത്‌. മുംബൈ ആക്രമണത്തിന്‌ സമാനമായ റിമോട്ട്‌ കണ്‍ട്രോള്‍ റൂം പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക്‌ നേരെ ആക്രമണം നടത്താന്‍ സജ്‌ജമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. 26 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്‌തതില്‍ പാകിസ്‌താന്റെ പങ്ക്‌ ഈ കണ്ടെത്തലുകള്‍ സ്‌ഥിരീകരിക്കുന്നു. പ്രാഥമിക ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകളും അതിജീവിച്ച വിവരണങ്ങളും സൂചിപ്പിക്കുന്നത്‌ കൊലപാതകത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്ക്‌ എ.കെ. സീരീസ്‌ റൈഫിളുകള്‍ ലഭിച്ചെന്നാണ്‌. സൈന്യം ഉപയോഗിക്കുന്ന നിലവാരമുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഭീകരര്‍ ഉപയോഗിച്ചതായും കണ്ടെത്തി. ചിലര്‍ സൈനിക ശൈലിയിലുള്ള യൂണിഫോം ധരിച്ചിരുന്നതായും കേന്ദ്ര സര്‍ക്കാരിനു വിവരം ലഭിച്ചിട്ടുണ്ട്‌. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ ആദില്‍ അഹമ്മദ്‌ തോക്കര്‍ പാകിസ്‌താനിലെത്തി ഭീകരസംഘടനകളില്‍നിന്നു സൈനിക പരിശീലനം നേടിയ വ്യക്‌തിയാണ്‌. ആറു വര്‍ഷങ്ങള്‍ക്കു ശേഷം നിരവധി പാക്‌ ഭീകരര്‍ക്കൊപ്പം ഇന്ത്യയിലേക്കു നുഴഞ്ഞുകയറി. സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുന്നതിനിടെ പാക്‌ സൈന്യം അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ വെടിവയ്‌പ്പും നടത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക്‌ നേരെ വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഇരുവശത്തും ആളപായമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments