പഴയ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ജനുവരി ഒന്നു മുതൽ വാട്സ്ആപ്പ് ലഭിക്കില്ല. കിറ്റ്കാറ്റിനോ അതിന് മുൻപുള്ള ഒഎസുകളിലോ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾക്കുള്ള പിന്തുണ ജനുവരി 1 മുതൽ നിർത്തലാക്കുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. ഏറ്റവും പുതിയ ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും ഉപയോക്താക്കൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വാട്സ് ആപ്പിന്റെ നടപടി. പഴയ ഫോണുകളിൽ 2013-ൽ അവതരിപ്പിക്കപ്പെട്ട ആൻഡ്രോയിഡ് കിറ്റ് കാറ്റ് ഒഎസ് ഉപയോഗിക്കുന്നവർക്ക് ഇനി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിൽ തടസ്സം നേരിടും.
കിറ്റ്കാറ്റ് ഒഎസിനുള്ള പിന്തുണ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ തീരൂമാനം. പുതിയ ഒഎസുകൾക്ക് അനുയോജ്യമായ വിധത്തിലാണ് വാട്സ്ആപ്പിൻ്റെ പല ഫീച്ചറുകളും എത്താറുള്ളത്.
പഴയ ഫോണുകളിൽ ഈ പുതിയ ഫീച്ചറുകൾ പ്രവർത്തിക്കില്ല. ഈ സാഹചര്യ ത്തിലാണ് ഉപയോക്താക്കളുടെ സുരക്ഷ കൂടി കണക്കിലെടുത്തുകൊണ്ട് വാട്സ് ആപ്പ് പഴയ ഒഎസുകൾക്കുള്ള പിന്തുണ ഇടയ്ക്ക് പിൻവലിക്കാറുള്ളത്. സാംസംഗ്, മോട്ടറോള, എച്ച്ടിസി, എൽജി, സോണി തുടങ്ങിയ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ചില മോഡലുകളിലാണ് ജനുവരി മുതൽ വാട്സ്ആപ്പ് പിന്തുണ ലഭ്യമാകാത്തത്.



