ചെറുതോണി: നൂറുകണക്കിന് കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പഴയരിക്കണ്ടം- മൈലപ്പുഴ- വരിക്കമുത്തന്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജനവാസം ആരംഭിച്ചിട്ട് ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ഈ റോഡ് യാത്രയോഗ്യമാക്കാന്‍ യാതൊരു നടപടിയുമുണ്ടായില്ല.
ജനപ്രതിനിധികളുടെ വാക്കുകള്‍ പാഴ്‌വാക്കായതോടെ വന്‍ പ്രതിക്ഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഓരോ ദിവസവും യാത്രചെയ്യുന്ന വഴിയാണിത്. നിരവധി സ്‌കൂള്‍ബസുകളും ഇതുവഴി സ്‌ഥിരം സര്‍വീസ് നടത്തുന്നുണ്ട്. ആലപ്പുഴ മധുര സംസ്‌ഥാനപാത രൂപംകൊള്ളുന്നതിനു മുന്‍പ് വണ്ണപ്പുറം കഞ്ഞിക്കുഴി ഭാഗത്തേക്കുള്ള ഏകയാത്ര മാര്‍ഗവും ഇതുവഴിയായിരുന്നു. ഇപ്പോള്‍ വണ്ണപ്പുറം രാമക്കല്‍മേട് നിര്‍ദിഷ്‌ട പാതയായി അടുത്തിടെ പ്രഖ്യാപനമുണ്ടായിയെങ്കിലും പഴയരിക്കണ്ടം മൈലപ്പുഴവരിക്ക മുത്തന്‍ റോഡിന്റെ സ്‌ഥിതിക്ക് യാതൊരുമാറ്റവും ഉണ്ടായിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങളുടെ ഏക സഞ്ചാരമാര്‍ഗമാണ് ഈ റോഡ്. റോഡിനോടുള്ള അവഗണന തുടര്‍ന്നാല്‍ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി പ്രദേശവാസികള്‍ ഒത്തുചേര്‍ന്ന് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.