ഇടുക്കി: കേരളത്തിലെ വൈദ്യുതി വിതരണം ശക്തമാക്കാൻ പള്ളിവാസൽ ജലവൈദ്യുത പദ്ധതി വിപുലീകരണം യാഥാർഥ്യത്തിലേക്ക്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ പള്ളിവാസൽ പദ്ധതി നവീകരിച്ച് ഉത്പാദന ശേഷി വർധിപ്പിച്ചു. ഇതോടെ സംസ്ഥാനത്തിന് കൂടുതൽ വൈദ്യുതി ലഭ്യമാകും.
പഴയ പവർ ഹൗസിനോട് ചേർന്നാണ് പളളിവാസൽ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2004 ഡിസംബർ 15ന് ആരംഭിച്ച പദ്ധതി പകുതിയിൽ മുടങ്ങുകയും പിന്നീട് 2018ൽ പദ്ധതി പുനരാരംഭിച്ച് പൂർത്തികരിച്ചിരിക്കുകയാണ്. ദീർഘകാലത്തെ പഠന പരീക്ഷണ, നിരീക്ഷണങ്ങൾ, സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ ഘട്ടങ്ങൾക്ക് ശേഷം ആരംഭിച്ച രണ്ടാം ഘട്ടത്തിൽ
പ്രളയവും കൊവിഡും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചു.
ഉത്പാദനം 60 മെഗാവാട്ടായി വർധിപ്പിച്ച പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിലേക്ക് കടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 37.5 മെഗാ വാട്ട് മാത്രമായിരുന്ന ഉത്പാദനം 60 മെഗാ വാട്ടായി ഉയർത്തിയിരിക്കുന്നത്. വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനും രണ്ടാം നമ്പർ ജനറേറ്റർ ഡിസംബർ 24നും ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉത്പാദനം ആരംഭിച്ചതോടെ ഉത്പാദനം വർധിച്ചു. 159.898 മില്ല്യൺ യൂണിറ്റാണ് ഇതുവരെയുള്ള ഉത്പാദനം. അധികമായി 153.90 മില്ല്യൺ യൂണിറ്റാണ് പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്നത്.



