നാഗർകോവിൽ: തേങ്ങാപട്ടണത്തിന് സമീപം ഇനയംപുത്തൻതുറ സെന്‍റ് ആൻറണീസ് ദേവാലയ തിരുന്നാളിനോടനുബന്ധിച്ച് ചക്ര ഏണി മാറ്റുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. മൈക്കിൾബിന്‍റോ (40), മരിയ വിജയൻ (52), അരുൾശോഭൻ (45), ജസ്റ്റസ് (35) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ദേവാലയ ഉത്സവ സമാപനം ഞായറാഴ്ചയാണ്. അതിനോടനുബന്ധിച്ച രഥമെഴുന്നള്ളത്തിന്‍റെ ഒരുക്കം നടക്കുകയായിരുന്നു. അതിന്‍റെ ഭാഗമായി ഉയരം കൂടിയ ചക്ര ഏണി നാലുപേർ തള്ളി നീക്കുന്നതിനിടയിലാണ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റത്.വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം മൃതദേഹങ്ങൾ കുഴിത്തുറ സർക്കാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കട പൊലീസ് കേസെടുത്തു



