ദില്ലി: എയർ കേരള വിമാന സർവീസിന് ആഭ്യന്തര സർവീസ് ആരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി (എൻഒസി) ലഭിച്ചതായി അധികൃതർ അറിയിച്ചു. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള സെറ്റ് ഫ്ളൈ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് എയർ കേരളയുടെ ഉടമകൾ. കൊച്ചിയായിരിക്കും കമ്പനിയുടെ ആസ്ഥാനം.സ്മാർട്ട് ട്രാവൽസ് കമ്പനിയുടെ കൂടി ചെയർമാനായ അഫി അഹമ്മദ്, കല്ലട ഫുഡ് ഇൻഡസ്ട്രീസ് ചെയർമാൻ അയൂബ് കല്ലട, കനിക ഗോയൽ എന്നിവരാണ് സെറ്റ് ഫ്ളൈ ഡയറക്ടർ ബോർഡിലുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണു പദ്ധതി ആരംഭിക്കുന്നത്. കേരള സർക്കാർ, സിയാൽ എന്നിവർക്കായി 25 ശതമാനം ഓഹരികൾ മാറ്റിവയ്ക്കും. വ്യക്തികൾക്കും സ്വകാര്യ കന്പനികൾക്കുമായി 74 ശതമാനം ഓഹരിയാണു പദ്ധതി രൂപരേഖയിൽ പറയുന്നത്.
പ്രാഥമിക മൂലധനമായി 250 കോടി രൂപയാണു കന്പനി ലക്ഷ്യമിടുന്നത്. അടുത്ത വർഷം ആദ്യപാദത്തിൽ എടിആർ 72-600 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കും. 20 വിമാനങ്ങൾ സ്വന്തമാക്കിയശേഷം ഗൾഫ് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകളും ആരംഭിക്കുമെന്ന് സെറ്റ് ഫ്ളൈ ഏവിയേഷന്റെ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി. തുടക്കത്തിൽ ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. ഇതിനായി മൂന്ന് എടിആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽനിന്നു വിമാനങ്ങൾ നേരിട്ടു സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽനിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും.അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്കുകൂടി സർവീസുകൾ വ്യാപിപ്പിക്കാനാണു പദ്ധതി. രാജ്യാന്തര സർവീസുകൾ ആരംഭിക്കാൻ അഞ്ചു വർഷത്തെ ആഭ്യന്തര പ്രവർത്തനപരിചയം കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നുണ്ട്.
എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം, ട്രാവൽ മേഖലയിൽ വൻ കുതിപ്പുണ്ടാകുമെന്നാണു കന്പനിയുടെ പ്രതീക്ഷ. ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെ കേരള പ്രവാസികൾ നേരിടുന്ന വിമാനയാത്രാ പ്രശ്നങ്ങൾക്കു വരുംവർഷങ്ങളിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് സെറ്റ് ഫ്ളൈ ഏവിയേഷൻ വൈസ് ചെയർമാൻ അയൂബ് കല്ലട പ്രതീക്ഷ പ്രകടിപ്പിച്ചു.
കമ്പനി യാഥാർഥ്യമാകുന്നതോടെ ആദ്യ വർഷംതന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350ലേറെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പ്രവാസി മലയാളികൾക്കു കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി, 2005ൽ ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതാണ് എയർ കേരള. പിന്നീട് ഇതുസംബന്ധിച്ചു കാര്യങ്ങൾ മുന്നോട്ടുപോയില്ല. എന്നാൽ, കഴിഞ്ഞവർഷം എയർ കേരള ഒരു ലക്ഷം ദിർഹം മുടക്കി എയർ കേരള ഡോട്ട് കോം എന്ന ഡൊമൈൻ കമ്പനി വാങ്ങി. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. എന്നാൽ, കമ്പനിക്ക് ഇതുവരെ എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.