കുറവിലങ്ങാട്: കേരള ക്രൈസ്തവ ചരിത്രത്തിലെ പുണ്യപുരുഷനായ പനങ്കുഴയ്ക്കൽ വല്യച്ചൻ്റെ 482-ാം ചരമവാർഷികം നവംബർ 5ന് കുറവിലങ്ങാട്ട് വിപുലമായി ആചരിക്കും. അനുസ്മരണപ്രാർത്ഥനയും നേർച്ച ശ്രാദ്ധാശിർവാദവും അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിലും രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിലിന്റെയും ആർച്ച് പ്രിസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരിയുടെയും സഹവൈദികരുടെയും സാന്നിധ്യത്തിലും നടത്തപ്പെടും.
പുരാതന പള്ളിവീട്ടിൽ പനങ്കുഴയ്ക്കൽ കുര്യന്റെയും കുടമാളൂർ കുത്തുകല്ലുങ്കൽ ഏലിയന്റെയും മകനായി 1479-ൽ ജനിച്ച യാക്കോബാണ് പിന്നീട് “വല്യച്ചൻ” എന്ന പേരിൽ അറിയപ്പെട്ടത്. പിതൃസഹോദരനായ വലിയ കുര്യേപ്പച്ചനിൽ നിന്നു വൈദിക പരിശീലനം നേടി 1502-ൽ പുരോഹിതനായി. മാർ യാക്കോബ് മെത്രാനിൽ നിന്ന് പട്ടം സ്വീകരിച്ച അദ്ദേഹം, സുറിയാനി പണ്ഡിതനും മൽപ്പാനുമായിരുന്നു.
പ്രസിദ്ധമായ ആനവാതിൽ സംഭവത്തിനു ശേഷമാണ് ആനവായിൽ ചക്കര നേർച്ചയും ഏറ്റുമാനൂർ ക്ഷേത്ര–കുറവിലങ്ങാട് പള്ളി മൈത്രിയും ആരംഭിച്ചത്. ഈ ഹിന്ദു–ക്രൈസ്തവ സൗഹൃദം 1938-ൽ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ പരാമർശിച്ച പൗരാവലിയിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസത്യമാണ്. ആനവായിൽ ചക്കര നേർച്ചയും ആന എഴുന്നള്ളിപ്പും ഇന്നും നിലനിൽക്കുന്നു.
ഉദരരോഗങ്ങൾക്കും ദേഹവേദനകൾക്കും പ്രതിവിധിയായ ഒരു “ദൈവസിദ്ധി” വല്യച്ചനിൽ ഉണ്ടെന്ന് വിശ്വാസികൾ ഇന്നും കരുതുന്നു. 1543 ഒക്ടോബർ 26-ന് കുടമാളൂരിൽ അന്തരിച്ച വല്യച്ചന്റെ വിലാപയാത്രയിൽ കത്തിച്ച വിളക്കുകൾ അണയാതെ തെളിഞ്ഞുനിന്നത്, അദ്ദേഹത്തിന്റെ ദൈവാനുഗ്രഹത്തിൻ്റെ അടയാളമായി കാണപ്പെടുന്നു. ആ ഓട്ടുനിലവിളക്ക് ഇന്നും കുറവിലങ്ങാട് പള്ളിയിൽ സൂക്ഷിക്കപ്പെടുന്നു.
വല്യച്ചന്റെ ചരമദിനം ഒക്ടോബർ 26 ആണെങ്കിലും, കലണ്ടർ മാറ്റം പരിഗണിച്ച് നവംബർ 5നാണ് വാർഷികം ആചരിക്കുന്നത്. 482 വർഷമായി ഈ നേർച്ച ശ്രാദ്ധം മുടങ്ങാതെ നടത്തിവരുന്നു.
നവംബർ 4 ചൊവ്വാഴ്‌ച: വൈകിട്ട് 6 മണിക്ക് പാലാ രൂപത സിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ കാർമ്മികത്വത്തിൽ പള്ളിയകത്തെ കബറിടത്തിൽ അനുസ്മരണ പ്രാർത്ഥനയും ഒപ്പീസും.
നവംബർ 5 ബുധനാഴ്‌ച: രാവിലെ 11ന് ആഘോഷ കുർബാനയും കബറിടത്തിങ്കൽ ഒപ്പീസും. ഉച്ചയ്ക്ക് 12ന് പാരിഷ് ഹാളിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ശ്രാദ്ധം ആശിർവദിക്കും. തുടർന്നു തീർത്ഥാടന ദൈവാലയ ഹാളിൽ നേർച്ച ശ്രാദ്ധം നടക്കും.
ഈ വർഷത്തെ ശ്രാദ്ധ പ്രസുദേന്തി വി.കെ. മാത്യു (വെള്ളായിപ്പറമ്പിൽ) ആണ്. നേർച്ചകാഴ്‌ചകൾക്ക് സ്‌മാരകപാർക്കിലും പള്ളിയകത്തും സൗകര്യം ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ വി.കെ. മാത്യു, രാജൻ മാത്യു, ജയൻ മാത്യു, ഷാജൻ മാത്യു, ഷിബി തോമസ്, ബീറ്റു ജോസ്, ബോബൻ എന്നിവർ പങ്കെടുത്തു.



