കൊച്ചി: പത്ത് ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കൊച്ചിയിലെത്തി. ദുബായിൽ നിന്നു എമിറേറ്റ്സ് വിമാനത്തിൽ രാവിലെ 8.30ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ പ്രാർഥിച്ച ശേഷം അദ്ദേഹം പാത്രിയർക്കാ സെന്ററിൽ വിശ്രമിക്കും. മലേക്കുരിശു ദയറയിലാണു രാത്രി താമസം. പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40-ാം ഓർമ ദിനത്തോടനുബന്ധിച്ചു നടക്കുന്ന കുർബാനയിൽ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിക്കും.17ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മടക്കം.