മണ്ണയ്ക്കനാട്: ശതാബ്ദി പിന്നിട്ട മണ്ണയ്ക്കനാട് ഗവ.യു.പി സ്ക്കൂളിൽ അനുവദിച്ച വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണ പ്രവർത്തങ്ങൾ നിലച്ചു. മാസങ്ങളായി പ്രവർത്തനം നിലച്ച ഈ പദ്ധതിയ്ക്ക് അനുവദിച്ച 10 ലക്ഷം രൂപ ഇനി ലഭ്യമാകാത്ത സാഹചര്യമാണ്. ആദ്യ ഗഡു 5 ലക്ഷം ഒരു പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിയ്ക്കണമന്ന നിർദ്ദേശം സ്ക്കൂൾ അധികൃതർ പാലിക്കാതിരുന്നതിനാൽ സമഗ്ര ശിക്ഷ കേരളം തിരിച്ചെടുത്തതോടെ പദ്ധതി നിലച്ച മട്ടാണ്.
പണി ആരംഭിച്ച കരാറുകാർ പണം ലഭ്യമാകാത്തതിനാൽ നിർമ്മാണ ജോലികൾ ഉപേക്ഷിച്ചു. സമീപ വിദ്യാലയങ്ങളിൽ വർണ്ണക്കൂടാരം വിജയകരമായി നടപ്പാക്കുമ്പോഴാണ് ഏറെ പാരമ്പര്യം അവകാശപ്പെടുന്ന മണ്ണയ്ക്കനാട് ഗവ.യു.പി.സ്ക്കൂളിൽ ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം മികച്ച ഒരു പദ്ധതി നഷ്ടമാകുന്നത്. ഇതിൽ നിലവിലെ രക്ഷാകർതൃ സമിതിയ്ക്കും പൂർവ വിദ്യാർത്ഥികളായ നാട്ടുകാർക്കും പരക്കെ ആക്ഷേപമുണ്ട്.