കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാ൪ഷിക വികസന ക൪ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് വൈകിട്ട് നാലിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡിസംബ൪ 6, 7, 8, 9 തീയതികളിലാണ് ഫെസ്റ്റ്. കാ൪ഷിക പ്രദ൪ശനവും വിപണനവും, സെമിനാറുകളും, കുട്ടികൾക്കുള്ള കാ൪ഷിക ക്വിസ്, കാ൪ഷിക യന്ത്രങ്ങളുടെ സ൪വീസ് ക്യാമ്പ്, കലാപരിപാടികൾ, ഫാം വാക്ക്, കുതിര സവാരി, വടംവലി എന്നിവ ഫാം ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. കാർഷിക യന്ത്രോപകരണങ്ങളുടെ നാല് ദിന സർവീസ് ആന്റ് റിപ്പയറിംഗ് ക്യാമ്പുകളും ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. കർഷകരുടെയും കാർഷിക കൂട്ടായ്മകളുടെയും സ്വകാര്യ വ്യക്തികളുടെയും പ്രവർത്തന രഹിതമായ കാർഷിക യന്ത്രസാമഗ്രികൾ പ്രവർത്തനക്ഷമമാക്കും. യന്ത്രങ്ങളുടെ റിപ്പയറിംഗും മൈനർ റിപ്പയറുകൾക്ക് ആവശ്യമായ സ്പെയർ പാർട്സുകളുടെ വിലയും സൗജന്യമായിരിക്കും (പരമാവധി 1,000 രൂപ). കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തകൾകളും കർഷക സംഘങ്ങളും മുൻകൂട്ടി അപേക്ഷിക്കേണ്ടതാണ്.
ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. ഡീ൯ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, വൈസ് പ്രസിഡന്റ് അഡ്വ.എൽസി ജോ൪ജ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുക്കും.
സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവുമായോ, കാര്യാലയത്തിനു കീഴിലുള്ള കൃഷി ഭവനുകളുമായോ എറണാകുളം കാക്കനാടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയവുമായോ (ഫോൺ: 8943198880, 9496246073) ബന്ധപ്പെടാം.