മലയിന്‍കീഴ്: വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കള്‍ കൊണ്ട് കാഴ്ചയുടെ വര്‍ണ്ണ വിസ്മയമൊരുക്കുകയാണ് നേമം ബ്ലോക്ക് പഞ്ചായത്ത്. നേമം ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി 65-ഏക്കറോളം വരുന്ന ഭൂമിയിലാണ് ചുവപ്പും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ പൂത്തുലഞ്ഞു കാഴ്ചയുടെ വസന്തമൊരുക്കി നില്‍ക്കുന്നത്. ചൈത്രോല്‍സവം എന്ന് പേരിട്ടിരിക്കുന്ന ബ്ലോക്കുതല ഓണക്കാല പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉത്സവം തിങ്കളാഴ്ച രാവിലെ 9.30-ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.
വിളപ്പില്‍ശാല ശാന്തിനികേതന്‍ സ്‌ക്കൂളിന് സമീപത്തെ നാലേക്കര്‍ കൃഷിയിടത്തിലാണ് ഉദ്ഘാടനം നടക്കുന്നത്. കൃഷി വകുപ്പ് ഉള്‍പ്പെടെ നിരവധി വകുപ്പുകളുടെ സഹായത്തോടെയാണ് നേമം ബ്ലോക്ക് പഞ്ചായത്ത് പുഷ്പകൃഷി ചെയ്തിരിക്കുന്നത്. പൂക്കളോടൊപ്പം ജൈവപച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. കാര്‍ഷിക കര്‍മ്മസേനയും വിവിധ കൃഷി കൂട്ടായ്മകളുമാണ് ചെണ്ടുമല്ലി, ജൈവപച്ചക്കറി കൃഷികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഓണത്തിന് അത്തപ്പൂക്കളമൊരുക്കാന്‍ നേമം ബ്ലോക്കിന്റെ സ്വന്തം പൂക്കള്‍ എന്ന ആശയമാണ് പുഷ്പകൃഷിയിലേയ്ക്കും ജൈവപച്ചക്കറി കൃഷിയിലേയ്ക്കും നയിച്ചതെന്ന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ പറയുന്നു. ചടങ്ങില്‍ ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ അദീലഅബ്ദുള്ള, എല്‍.എസ്.ജി.ഡി റൂറല്‍ ഡയറക്ടര്‍ ദിനേശന്‍ ചെറുവാത്ത്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ എ.നിസാമുദ്ദീന്‍, വിളപ്പില്‍ രാധാകൃഷ്ണന്‍, ലില്ലി മോഹന്‍, എസ്.ചന്ദ്രന്‍നായര്‍, എ.വല്‍സലകുമാരി, സിജിസൂസന്‍ ജോര്‍ജ്ജ്, സോമശേഖരന്‍നായര്‍, കെ.രാകേഷ്, ലാലു മുരളി എന്നിവര്‍ പങ്കെടുക്കും.