കാഠ്മണ്ഡു: നേപ്പാളിലെ സ്വകാര്യ വിമാനക്കമ്പനിയായ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍നിന്ന് പറന്നുയരാനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 19 പേരില്‍ ഒരാളില്‍ മാത്രമാണ് ജീവന്റെ തുടിപ്പ് ബാക്കിയായത്. ഗുരുതരമായ പരിക്കുകളോടെ പൈലറ്റ് മനീഷ് ശാക്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കി 18 പേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെടുക്കാനായത്. സൗത്ത് ഏഷ്യന്‍ ടൈം നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചു.
കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. പറന്നുയരുന്ന വേഗത്തിലായിരുന്ന വിമാനം പൊടുന്നനെ ഒരു തീഗോളമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്ന് ദൃക്സാക്ഷികള്‍ വിവരിക്കുന്നു. തീപിടിച്ച വിമാനം റണ്‍വേയുടെ കിഴക്കുവശത്തുള്ള ഒരു തോട്ടിലേക്കാണ് വീണത്.



