നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാള്‍, സിക്കിം, ബിഹാര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. പ്രഭവകേന്ദ്രം നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയാണ്.
ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. നേപ്പാളിലെ ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഭൂകമ്പം 6.1 തീവ്രതയിലായിരുന്നു. എന്നാല്‍, ജര്‍മന്‍ ഗവേഷണ കേന്ദ്രം ഫോര്‍ ജിയോസയന്‍സസ് ഭൂകമ്പത്തിന്റെ തീവ്രത 5.6 ആയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയും യു എസ് ജിയോളജിക്കല്‍ സര്‍വേയും ഇത് 5.5 ആയി രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തില്‍ ആണ് പ്രഭവകേന്ദ്രം.
രാവിലെയുണ്ടായ ഭൂകമ്പത്തില്‍ മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രഭവകേന്ദ്രത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും നേപ്പാള്‍ പൊലീസ് ഡി ഐ ജി ദിനേശ് കുമാര്‍ ആചാര്യ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. നേപ്പാള്‍ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളില്‍ ഒന്നാണ്. ഹിമാലയന്‍ രാഷ്ട്രം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ ഭൂകമ്പം 2015 ല്‍ ആയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 10 ലക്ഷത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.



