കാട്ടാക്കട: നെയ്യാര്‍ ജലാശയത്തിന്റെ വിവിധ ഭാഗങ്ങളില്‍ മീനുകള്‍ ചത്തു പൊങ്ങുന്നത് പതിവ് കാഴ്ചയാകുന്നു. നെയ്യാറിന്റെ ഉള്‍പ്രദേശങ്ങളിലും മീനുകള്‍ ചത്തുപൊങ്ങുന്നുണ്ട്. കരിമീന്‍ ഉള്‍പ്പെടേയുള്ള മീനുകളാണ് വ്യാപകമായി ചത്തുപൊങ്ങുന്നത്. നെയ്യാറില്‍ നിന്നുള്ള വെള്ളമാണ് കാട്ടാക്കട, നെയ്യാറ്റിന്‍കര ഭാഗത്തേക്ക് കാളിപാറ കുടിവെള്ള പദ്ധതിപ്രകാരം പമ്പ് ചെയ്യുന്നത്. മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങിയതോടെ ജനങ്ങളും ആശങ്കയിലാണ്.
വ്‌ളാവെട്ടി, മരക്കുന്നം, കൊമ്പെ, വള്ളിയാറ്, മുല്ലയാറ്, പുരവിമല, തെന്മല, മായം എന്നീ മേഖലകളിലാണ് കൂടുതലും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത്. ജല, മത്സ്യ വകുപ്പ് അധികൃതരെത്തി ജലം ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. ഉള്‍വനമേഖലയിലെ ആദിവാസികളുടെ ഭക്ഷണത്തില്‍ പ്രധാനഇനം മത്സ്യമാണ്. മീനുകള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതോടെ ഇവരുടെ കാര്യവും കഷ്ടത്തിലാണ്. 1984-ലും 1992-ലും മീനുകള്‍ ചത്തു പൊങ്ങിയിട്ടുണ്ടെങ്കിലും ഇതുപോലെ വ്യാപകമായ രീതിയില്‍ ഉണ്ടാകുന്നത് ഇതാദ്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടാതെ നെയ്യാര്‍ ജലാശയത്തിന്റെ പലഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളും, മാലിന്യം നിറച്ച ചാക്ക് കെട്ടുകളും വലിച്ചെറിഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.



