ചെങ്ങമനാട്: സ്വർണ്ണവും ഇലക്ട്രോണിക്സ് സാധനങ്ങളും നിരന്തരമായി പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന കൊച്ചി കസ്‌റ്റംസിന് വേറിട്ടൊരു അനുഭവത്തിന്റെ പൊൻതൂവലായി പക്ഷിവേട്ട മാറി. കഴിഞ്ഞ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നീ യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്നും ചിറകടി ശബ്ദം കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അപൂർവ്വ ഇനത്തിൽ പെട്ട വേഴാമ്പലുകൾ ഉൾപ്പെടെ 14 പക്ഷികളെ കണ്ടെത്തിയത്. വിദഗ്ധ പരിശോധനകൾക്കും തുടർനടപടികൾക്കുമായി വനം വകുപ്പിന് പക്ഷികളെയും യാത്രക്കാരെയും കൈമാറി. കൊച്ചി കസ്റ്റംസും വനം വകുപ്പും ചേർന്നായിരിക്കും ഇതിന്റെ തുടർ അന്വേഷണം നടത്തുക. മൂന്ന് തരത്തിൽ പെട്ട പക്ഷികളാണ് ഉള്ളത് 25000 മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്, ഇതിൽ ചിലതിനു നമ്മൾ തന്നെ ഭക്ഷണം കൊടുക്കണം ചിലതിന് വേട്ടയാടിപിടിക്കാൻ കഴിവുണ്ട്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.



