നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ അടിക്കടി ചികിത്സാ പിഴവ്. ചൊവ്വാഴ്ച ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു.
നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടില്‍ രാമകൃഷ്ണന്‍കാണി, നിര്‍മ്മല ദമ്പതികളുടെ മകള്‍ രഞ്ജന കൃഷ്ണ (36)യുടെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥയില്‍ മരിച്ചത്. ഇവരുടെ ആദ്യ പ്രസവമായിരുന്നു.
അഞ്ച് മാസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.ബിന്ദു സുന്ദറിന്റെ ചികിത്സയിലായിരുന്നു രഞ്ജന. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ രഞ്ജനയ്ക്ക് സിസേറിയന് വേണമെന്ന് ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞു. ഓപ്പറേഷന് തിയറ്ററിലേക്ക് മാറ്റി അരമണിക്കൂറിനുള്ളില്‍ സിസേറിയന് നടന്നുവെന്നും കുഞ്ഞ് മരിച്ചുപോയെന്നും ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. നവജാതശിശുവിന്റെ തലയ്ക്ക് വലിപ്പം കൂടുതലായതാണ് മരണ കാരണമായി രഞ്ജനയുടെ രക്ഷിതാക്കളോട് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ അഞ്ച് മാസമായി രഞ്ജന ഇവരുടെ ചികിത്സയിൽ ആണെന്നും സ്കാനിങ് ഉള്‍പ്പെടേയുള്ള പരിശോധനകള്‍ നടത്തിയിട്ടുണ്ട് എന്നും അന്നൊന്നും ഇക്കാര്യം ഡോക്ടർ പറഞ്ഞിട്ടില്ല എന്നും ഭര്‍ത്താവ് വിനില്മനോഹര് പറയുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കാനിങ് റിപ്പോര്‍ട്ടുകള്‍ കാണിക്കാനെത്തിയ രഞ്ജനയെ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
വിതുര പട്ടന്‍കുളിച്ചപാറ സ്വദേശിനി ഹസ്നഫാത്തിമയ്ക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചത് ഇതേ ഡോക്ടറുടെ പിഴവ് കൊണ്ടാണ്. പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ ഇവരുടെ മലദ്വാരത്തില്‍ മുറിവുണ്ടായി. പ്ലാസ്റ്റിക് ബാഗിൽ മലമൂത്രവിസര്‍ജ്ജനം നടത്തേണ്ട ഗുരുതര പ്രശ്നമാണ് ഇവർക്കുണ്ടായത്. മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മിഷനും ഇവർ പരാതി നൽകിയിരുന്നു. രഞ്ജനയുടെ നവജാത ശിശുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ചു വിവിധ രാഷ്ട്രീയ കക്ഷികൾ ആശുപത്രിയിൽ സമരങ്ങൾ നടത്തി.
സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ സമരക്കാർ ആക്രമിച്ചു. സമരക്കാരെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി ചാർജ് നടത്തേണ്ടി വന്നു. വിവിധ സ്റ്റേഷനുകളിലെ പോലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. ആരോപിതയായ ഡോക്ടറെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ അറിയിച്ചു.



