ഒറ്റപ്പാലം: നിത്യവുമെത്തുന്ന ആയിരങ്ങൾക്കു തണലൊരുക്കി കാലത്തിനു സാക്ഷിയായി ഒറ്റപ്പാലം കോടതി വളപ്പിൽ നിൽക്കുകയാണീ മുത്തശ്ശി. 1921 ൽ ഒന്നാം സ്റ്റേറ്റ് കോൺഗ്രസ്സ് സമ്മേളനമടക്കം എത്രയോ രാഷ്ട്രീയ സമരങ്ങളുടെ ഇടമായിരുന്ന ഒറപ്പാലത്തിന്റെ ചരിത്രത്തിനു സാക്ഷ്യം വഹിച്ചവൾ. സുന്ദരയ്യരെ പോലുള്ള മനുഷ്യസ്നേഹികളെ കണ്ടു കൈതൊഴുതവൾ.
ന്യായാന്യായം തേടി കോടതിയിലെത്തുവർ. പരാതികളും പരിഭവങ്ങളുമായി താലൂക്ക് ഓഫീസിലും സപ്ലൈ ഓഫീസിലും കയറിയിറങ്ങുന്ന പാവങ്ങൾ, പിന്നെ സാക്ഷി പറയാനെത്തുന്നവർ, കള്ള സാക്ഷിക്കാർ, തളർന്നെത്തുന്ന നേരത്തു തണലൊരുക്കി പരാതിയില്ലാതെ നിസ്സംഗതയായി നിർവ്വികാരയായി നിൽക്കുകയാണിന്നും ഈ മരമുത്തശ്ശി.



