കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർക്കാവിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. അപകടത്തെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞിരുന്ന രഞ്ജിത്ത് ആണ് മരണപ്പെട്ടത്.
അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചോയങ്കോട് ബസാറിലെ ഓട്ടോ ഡ്രൈവറായ കിണാവൂർ റോഡിലെ സി സന്ദീപ് എന്നയാള്‍ ശനിയാഴ്ചയും ചോയങ്കോട് കിണാവൂരിലെ യു രതീഷ്, കൊല്ലംപാറ മഞ്ഞളംകാടിലെ ഓട്ടോ ഡ്രൈവറായ കെ ബിജു, ചെറുവത്തൂർ തുരുത്തി ഓർക്കളത്തെ ഷിബിൻ രാജ് എന്നിവർ ഞായറാഴ്ചയും മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 12.15ഓടെ ആയിരുന്നു അഞ്ഞൂറ്റമ്ബലം ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് വലിയ അപകടം ഉണ്ടായത്. ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയും ചെയ്താണ് അപകടം ഉണ്ടായത്.
തെയ്യം കാണുന്നതിനായി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേർ കൂടി നില്‍ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ 150ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.