അഖിലേന്ത്യ മെഡിക്കൽ ബിരുദ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റി (നീറ്റ്-യു.ജി 2025) നുള്ള അപേക്ഷാ സമർപ്പണം തുടങ്ങിക്കഴിഞ്ഞു. വെബ്സൈറ്റിൽ ഓൺലൈനായി മാർച്ച് ഏഴുവരെ അപേക്ഷിക്കാം. മേയ് നാലിന് ഞായറാഴ്ച ഉച്ച രണ്ടുമുതൽ അഞ്ചുമണി വരെ നടത്തുന്ന പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ച് തന്നെയായിരിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തി അഖിലേന്ത്യ റാങ്ക്‍ലിസ്റ്റ് തയാറാക്കി നൽകുന്നതിനുള്ള ചുമതല. സമഗ്ര വിവരങ്ങളടങ്ങിയ ‘നീറ്റ്-യു.ജി’ വിവരണപത്രിക https://neet.nta.nic.inൽ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്കും ഭിന്നശേഷിക്കാർക്കും 40 ശതമാനം മാർക്ക് മതിയാകും. 2025ൽ ഫൈനൽ യോഗ്യതാ/പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
● പ്ലസ്ടുവിനുശേഷം ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി)/ബയോടെക്നോളജി വിഷയങ്ങളിൽ രണ്ടെണ്ണം വിഷയമായി പഠിച്ച് ബി.എസ് സി ബിരുദമെടുത്തവരെയും പരിഗണിക്കും. പ്രായം: 2025 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫീസ്: ഇന്ത്യയിൽ ജനറൽ വിഭാഗത്തിന് 1700 രൂപ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി നോൺ ക്രീമിലെയർ-1600 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി/മൂന്നാംലിംഗ വിഭാഗങ്ങൾക്ക്-1000 രൂപ. ഇന്ത്യക്ക് പുറത്ത് 9500 രൂപ. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് മാർച്ച് ഒമ്പതു മുതൽ 11 വരെ സൗകര്യം ലഭിക്കും. ഒരാൾ ഒറ്റ അപേക്ഷ നൽകിയാൽ മതി. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ മുഖാന്തരം ഫീസടക്കാം. വിദേശ രാജ്യങ്ങളിൽ മെഡിക്കൽ/ഡെന്റൽ ബിരുദപഠനത്തിനും ഇന്ത്യക്കാർ നീറ്റ്-യു.ജിയിൽ യോഗ്യത നേടണം. പരീക്ഷ: നീറ്റ്-യു.ജി 2025 പരീക്ഷയിൽ ഫിസിക്സ് (45 ചോദ്യങ്ങൾ/180 മാർക്ക്), കെമിസ്ട്രി (45/180) ബയോളജി (ബോട്ടണി ആൻഡ് സുവോളജി) (90 ചോദ്യങ്ങൾ/360 മാർക്ക്) എന്നിവയിൽ മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. ആകെ 180 ചോദ്യങ്ങൾ, പരമാവധി 720 മാർക്ക്. മൂന്നുമണിക്കൂർ സമയം അനുവദിക്കും. ശരി ഉത്തരത്തിന് നാലുമാർക്ക്, ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും. ഉത്തരം അറിയാത്തത് വിട്ടുകളഞ്ഞാൽ മാർക്ക് കുറയില്ല. പരീക്ഷാഘടനയും സിലബസും വിവരണപത്രികയിലുണ്ട്.
● മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, ഉർദു അടക്കം 13 ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലുള്ള ചോദ്യപേപ്പറുകളായിരിക്കും ലഭിക്കുക. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് ആവശ്യമെന്ന് ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്താം.
● കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അഡ്മിറ്റ് കാർഡുകൾ മേയ് ഒന്നുമുതൽ ഡൗൺലോഡ് ചെയ്യാം. ജൂൺ 14ന് ഫലം പ്രഖ്യാപിക്കും. സ്കോർ കാർഡ് യഥാസമയം ഡൗൺലോഡ് ചെയ്ത് കൗൺസലിങ് വഴി അഡ്മിഷൻ നേടാം. റാങ്ക്‍ലിസ്റ്റിലുള്ളവർക്ക് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിലേക്ക് ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് പ്രത്യേകം അവസരം ലഭിക്കും. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലടക്കം എം.ബി.ബി.എസ്,ബി.ഡി.എസ് കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (എം.സി.സി), ഹോമിയോ, ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റിയും (എ.എ.സി.സി.സി) ആണ് കൗൺസലിങ് നടപടികൾ നിയന്ത്രിക്കുന്നത്.
മെഡിക്കൽ/ഡെന്റൽ പ്രവേശനം: നീറ്റ്-യു.ജി 2025 അഖിലേന്ത്യ റാങ്കടിസ്ഥാനത്തിൽ എം.സി.സി കൗൺസലിങ് വഴി എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം ലഭിക്കാവുന്ന സ്ഥാപനങ്ങൾ/സീറ്റുകൾ
● രാജ്യത്തെ വിവിധ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ/വർധമാന മഹാവീർ മെഡിക്കൽ കോളജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ/എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ മെഡിക്കൽ കോളജുകൾ അടക്കമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ 100 ശതമാനം സീറ്റുകൾ (85 ശതമാനം സ്റ്റേറ്റ് ക്വോട്ട ഉൾപ്പെടെ) ഡൽഹി സർവകലാശാല/ബനാറസ് ഹിന്ദു സർവകലാശാല/അലീഗഢ് മുസ്‍ലിം സർവകലാശാല അടക്കമുള്ള കേന്ദ്രസർവകലാശാലകൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസ് (എയിംസുകൾ), ജിപ്മെർ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലേക്ക് എം.സി.സി നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് അലോട്ട്മെന്റ്.



