മണ്ണയ്ക്കനാട്: നിർധനരിലേക്കും നിരാലംബരിലേക്കും ക്രിസ്തുവിന്റെ സുവിശേഷമായി ജീവിതസാക്ഷ്യം സമ്മാനിക്കുന്ന എൽ എ ആർ (Little Apostles of Redemption) സന്ന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ (സെപ്റ്റംബർ 19 വ്യാഴം) സമാപനമാകും. ജൂബിലി ആഘോഷങ്ങളുടെ കേരളതലത്തിലുള്ള സമാപനം മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്തിൽ നടക്കും.
ഒരുവർഷം നീണ്ടുനിന്ന വിപുലമായ കർമ്മപരിപാടികൾക്കാണ് സമാപനമാകുന്നത്. ജൂബിലി സ്മാരകമായി സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന ഒട്ടേറെ പരിപാടികൾ ആത്മീയ വളർച്ചയ്ക്കൊപ്പം നടപ്പിലാക്കിയതായി മദർസുപ്പീരിയർ സിസ്റ്റർ മരീന ചാക്കോ പറഞ്ഞു.
ജൂബിലി സ്മാരക ഭവനനിർമാണസഹായപദ്ധതി 5 കുടുംബങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞിരുന്നു. കേരളത്തിലെ എൽ എ ആർ സന്ന്യാസിനിമാർ ചേർന്ന് സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ജൂബിലി ആഘോഷങ്ങൾക്ക് തിളക്കമേകി. അന്നമായും വസ്ത്രമായും സാന്ത്വനമേകി കൂടുതലാളുകളിലേക്ക് കടന്നെത്താൻ ദിവ്യരക്ഷയുടെ ചെറിയ പ്രേഷിതർക്ക് കഴിഞ്ഞിരുന്നു.
കേരളത്തിൽ മണ്ണയ്ക്കനാട്, പാലാ, വാക്കാട്, വാഴത്തോപ്പ് എന്നിവിടങ്ങളിലാണ് എൽ എ ആർ ഭവനങ്ങളുള്ളത്. മണ്ണയ്ക്കനാട് ബധിര വിദ്യാലയം, പാലായിൽ വയോജനഭവനം, വാഴത്തോപ്പിൽ ഹോസ്റ്റൽ സൗകര്യം എന്നിവ ഇടവകകളോട് ചേർന്നുനിന്ന് നടത്തുന്നുണ്ട്.
ഇറ്റലിയിലെ നേപ്പിൾസ് പ്രവിശ്യയിലെ വിഷാനോയിൽ അനാഥബാല്യങ്ങളുടെ സംരക്ഷണത്തിനായി 1949ൽ ദൈവദാസൻ ഫാ. അർത്തുറോ ദ് ഒണോഫ്രിയോ, മദർ അന്ന വിത്തിയെല്ലോ എന്നിവർ സ്ഥാപിച്ച എൽ എ ആർ ഇന്ന് ലോകത്തിലെ 12 രാജ്യങ്ങളിൽ സുവിശേഷവേല ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കേരളത്തിനുപുറമേ ആന്ധ്ര, തെലുങ്കാന, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിലും എൽഎആർ സേവനനിരതരാണ്.
ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നാളെ (വ്യാഴം) 4.00ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൃതജ്ഞതാബലിയർപ്പിക്കും. സമാപനസമ്മേളനത്തിൽ പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യും.
കൈയെഴുത്ത് മാസികയുടെ പ്രകാശനവും മുഖ്യപ്രഭാഷണവും മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്സിംഗ് കോളജ് ഡയറക്ടർ ഫാ. ജോസഫ് കുഴിഞ്ഞാലിൽ അനുഗ്രഹപ്രഭാഷണം നടത്തും.
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം വികാരി ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സ്കറിയ മലമാക്കൽ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, പഞ്ചായത്തംഗം ജോസഫ് ജോസഫ്, വിശ്വാസപരിശീലനകേന്ദ്രം ഹെഡ്മാസ്റ്റർ വിൽസൺ കൂടത്തുമുറിയിൽ എന്നിവർ പ്രസംഗിക്കും.