മുംബൈ: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി ചേർന്ന മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിൻ്റെ ആദ്യദിനം ബഹിഷ്കരിച്ച് മഹാവികാസ് അഘാഡി അംഗങ്ങൾ. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ആദ്യദിനം ബഹിഷ്കരിച്ചത്. ഇവിഎമ്മിൻ്റെ ദുരുപയോഗം സംബന്ധിച്ച സംശയമാണ് ബഹിഷ്കരണ തീരുമാനത്തിന് പിന്നിലെന്ന് മഹാവികാസ് അഘാഡി നേതാവ് ആദിത്യ താക്കറെ വ്യക്തമാക്കിയത്.ഇവിഎമ്മിൻ്റെ ദുരുപയോഗത്തിൽ പ്രതിഷേധിച്ച് സത്യാപ്രതിജ്ഞാ ചടങ്ങിൻ്റെ ആദ്യദിനം ബഹിഷ്കരിക്കാൻ തങ്ങളുടെ എംഎൽഎമാർ തീരുമാനിക്കുകയായിരുന്നുവെന്നും ആദിത്യ താക്കറെ പറഞ്ഞു. ‘ഇത് ജനങ്ങളുടെ വിധിയെഴുത്തായിരുന്നെങ്കിൽ ആളുകൾ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ജനങ്ങൾ ഒരിടത്തും വിജയം ആഘോഷിച്ചില്ല. ഞങ്ങൾക്ക് ഇവിഎമ്മുകളെക്കുറിച്ച് സംശയമുണ്ട്’ ആദിത്യ താക്കറെ വ്യക്തമാക്കി. ‘ഇവിഎം ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഇത് ജനങ്ങളുടെ വിധിയെഴുത്തല്ല, ഇവിഎമ്മിൻ്റെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും വിധിയെഴുത്താ’ണെന്നും ശിവസേന യുബിടി നേതാവ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 11 മണിക്കാണ് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി മഹാരാഷ്ട്ര നിയമസഭ യോഗം ചേർന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ചടങ്ങിന് എത്തിയിരുന്നു.



