നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമാണ് ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ചതെങ്കിലും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമേറ്റ വന്‍ തിരിച്ചടിയായിരുന്നു സുപ്രീംകോടതി ഉത്തരവ്. അതിനാലാണ് ഇപ്പോൾ സുപ്രധാനമായ വിധിക്കെതിരെ ഉപരാഷ്ട്രപതി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാൻ ജുഡീഷ്യറിക്ക് അധികാരമില്ലെന്നാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ നിലപാട്. വിധിയിലൂടെ ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്നു എന്ന വാദവും ഉപരാഷ്ട്രപതി ഉയർത്തി.
നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ച് വയ്ക്കുകയും, പിന്നീട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരായ തമിഴ്നാട് സര്‍ക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി വന്നത്. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണം. രാഷ്ട്രപതിയുടെ തീരുമാനം വീണ്ടും വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും വിധിയിൽ പറയുന്നു.