തിരുവനന്തപുരം: മൂന്നു തവണയിലേറെ കുടിശിക വന്നാൽ ജപ്തി നടപടിയുടെ പേരിൽ സാധാരണക്കാരെ കുടിയിറക്കുന്നത് തടയാനും ആശ്വാസമേകാനും സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇനി എല്ലാത്തരം ജപ്തി നടപടികളിലും സർക്കാരിന് ഇടപെടാൻ സാധിക്കും. ജപ്തിയിൽ പിടിച്ചെടുക്കുന്ന ഭൂമി ലേലത്തിൽ എടുക്കാൻ ആരും തയാറായില്ലെങ്കിൽ ഒരു രൂപ നിരക്കിൽ സർക്കാർ ഏറ്റെടുക്കും. 5 വർഷത്തിനകം കുടിശിക തിരിച്ചടച്ച് ഉടമയ്ക്ക് ഈ ഭൂമി തിരിച്ചെടുക്കാൻ നിയമം അവസരം നൽകുന്നുണ്ട്.
ഈ കാലാവധിക്കുള്ളിൽ ഉടമ മരിച്ചാൽ അവകാശിക്കു ഭൂമി ഏറ്റെടുക്കാൻ അവസരം നൽകണമെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആവശ്യം ബില്ലിൽ ഉൾപ്പെടുത്തി. ജപ്തി നടപടിക്കു കാരണമാകുന്ന വായ്പ കുടിശികയിൽ 25000 രൂപവരെ തഹസിൽദാറിനും ഒരു ലക്ഷം വരെ കലക്ടർക്കും 5 ലക്ഷം രൂപവരെ റവന്യു മന്ത്രിക്കും 10 ലക്ഷം രൂപവരെ ധനമന്ത്രിക്കും 20 ലക്ഷം വരെ മുഖ്യമന്ത്രിക്കും അതിനു മുകളിലുള്ള തുകയ്ക്കു സംസ്ഥാന സർക്കാരിനും തിരിച്ചടവിന് ഇളവ് അനുവദിക്കാം. പിഴപ്പലിശ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറയും.